Football in Malayalam

ചാമ്പ്യൻസ് ലീഗിനെ പുതുക്കിപ്പണിയാനുള്ള പദ്ധതികൾക്കെതിരെ രൂക്ഷ വിമർശനവുമായി ലിവർപൂൾ പരിശീലകൻ ക്ലോപ്പ്

Sreejith N
Leeds United v Liverpool - Premier League
Leeds United v Liverpool - Premier League / Clive Brunskill/Getty Images
facebooktwitterreddit

ഏറെ വിവാദങ്ങളുണ്ടാക്കിയ യൂറോപ്യൻ സൂപ്പർ ലീഗ് പദ്ധതികൾ തകർന്നതിൽ സന്തോഷം രേഖപ്പെടുത്തി ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. അതേസമയം അതിനു ബദലായി ചാമ്പ്യൻസ് ലീഗിൽ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും നടത്തി. ന്യൂകാസിൽ യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

2024 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുവേഫ പ്രഖ്യാപിച്ച പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ് നിലവിലുള്ളതിനേക്കാൾ കൂടുതൽ മത്സരങ്ങൾ ഉൾക്കൊള്ളിച്ചതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം ടീമുകൾ കുറഞ്ഞത് പത്ത് മത്സരങ്ങൾ കളിക്കണം. കൂടുതൽ കളികൾ ഉൾപ്പെടുത്തുന്നതും വമ്പൻ ടീമുകൾ പരസ്‌പരം ഏറ്റു മുട്ടുന്നതും ക്ലബുകൾക്ക് കൂടുതൽ വരുമാനം നൽകുമെങ്കിലും അത് താരങ്ങൾക്ക് തിരിച്ചടി നൽകുമെന്നാണ് ക്ലോപ്പ് പറയുന്നത്.

"യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് ഏറ്റവും പോസിറ്റിവായ കാര്യം അതു സംഭവിച്ചില്ലെന്നതാണ്. എന്നാൽ അതു പൂർണമായും അവസാനിച്ചിട്ടില്ല, ഞാൻ സൂപ്പർ ലീഗിനെയല്ല ഉദ്ദേശിക്കുന്നത്. കൂടുതൽ മത്സരങ്ങൾ കളിക്കുന്നതിനെ കുറിച്ച് എന്റെ അഭിപ്രായം എല്ലാവർക്കും അറിയാവുന്നതാണ്. കൂടുതൽ മത്സരങ്ങളും കൂടുതൽ ടൂർണമെന്റുകളും തോന്നിയതു പോലെ ഉൾപ്പെടുത്താനാവില്ല. സൂപ്പർ ലീഗ് അവസാനിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റ് മികച്ചതാണെന്നു പറയാൻ ഒരിക്കലും കഴിയില്ല," ക്ലോപ്പ് വ്യക്തമാക്കി.

"അവരെന്നെ വിളിച്ച് പുതിയ ആശയം കാണിച്ചു തന്നു. ഒരു മണിക്കൂർ യുവേഫയുടെ ആശയം മുഴുവൻ കണ്ടതിനു ശേഷം എനിക്കത് ഇഷ്ടമായില്ലെന്നാണ് ഞാൻ പറഞ്ഞത്. ആറു ഗ്രൂപ്പ് മത്സരങ്ങൾക്കു പകരം പത്തു ഗ്രൂപ്പ് മത്സരങ്ങളാണ് നടക്കുക, അതെവിടെ ഉൾപ്പെടുത്തുമെന്ന് എനിക്കു മനസിലായില്ല."

പുതിയ ഫോർമാറ്റിലുള്ള ചാമ്പ്യൻസ് ലീഗ് നടത്തണമെങ്കിൽ ഇംഗ്ലണ്ടിലെ ആഭ്യന്തര കപ്പ് മത്സരങ്ങൾ ഒഴിവാക്കുകയോ ലീഗിലെ ടീമുകളുടെ എണ്ണം പതിനെട്ടാക്കി ചുരുക്കുകയോ വേണമെന്നാണ് ക്ലോപ്പിന്റെ അഭിപ്രായം. എന്നാൽ അതൊരിക്കലും പ്രായോഗികമായി നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും ക്ലോപ്പ് വ്യക്തമാക്കി. കളിക്കാരുടെയോ പരിശീലകരുടെയോ അഭിപ്രായം പോലും ചോദിക്കാതെയാണ് ഈ തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


facebooktwitterreddit