ഇപ്പോൾ ലോകത്ത് മൊഹമ്മദ് സാലയേക്കാൾ മികച്ച താരമില്ല; ലിവർപൂൾ താരത്തെ വാനോളം പ്രശംസിച്ച് യർഗൻ ക്ലോപ്പ്

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് മൊഹമ്മദ് സാലയെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. സാല ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച, വാറ്റ്ഫഡിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിന് ശേഷം സംസാരിക്കവെയായിരുന്നു ലിവർപൂൾ ബോസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ചെമ്പട എതിരില്ലാത്ത 5 ഗോളുകൾക്ക് വിജയിച്ച ഈ മത്സരത്തിൽ സാല ഒരു തകർപ്പൻ ഗോളും സ്വന്തമാക്കിയിരുന്നു.
വാറ്റ്ഫഡിനെതിരെ വിജയം നേടിയതിന് ശേഷം സംസാരിക്കവെ സാലയെ വാനോളം പ്രശംസിച്ച ക്ലോപ്പ്, ലോകത്ത് സാലയേക്കാൾ മികച്ചതായി മറ്റാരുമില്ലെന്നും ചൂണ്ടിക്കാട്ടി. നിലവിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന ഫുട്ബോളറാണ് സാലയെന്നും, നമ്മളെല്ലാം അത് കണ്ടു കൊണ്ടിരിക്കുകയാണെന്നും ബിടി സ്പോർടിനോട് സംസാരിക്കവെ യർഗൻ ക്ലോപ്പ് കൂട്ടിച്ചേർത്തു.
Mo Salah is undoubtedly the best player in the world, according to Jurgen Klopp ??? pic.twitter.com/JPvlo8Qiti
— ESPN FC (@ESPNFC) October 16, 2021
"ഇപ്പോൾ അവനേക്കാൾ (മൊഹമ്മദ് സാല) മികച്ചത് ആരാണ്? അവനേക്കാൾ മികച്ച ആരും തന്നെയില്ല, അത് വ്യക്തമാണ്. അവൻ ഏറ്റവും മുകളിലാണ്. നമ്മളെല്ലാം അത് കണ്ടു. ആരാണ് അവനേക്കാൾ മികച്ചതായുള്ളത്? ലോകഫുട്ബോളിന് വേണ്ടി മെസിയും, റൊണാൾഡോയും എന്താണ് ചെയ്തതെന്നും, ഫുട്ബോളിലുള്ള അവരുടെ ആധിപത്യത്തെക്കുറിച്ചും നമ്മൾ സംസാരിക്കേണ്ടതില്ല. നിലവിൽ അവനാണ് (സാല) ഏറ്റവും മുകളിൽ."
"ഇന്ന് അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ആദ്യ ഗോളിനുള്ള പാസ് ഗംഭീരമായിരുന്നു. രണ്ടാമത്തെ ഗോൾ സ്പെഷ്യലായിരുന്നു." യർഗൻ ക്ലോപ്പ് പറഞ്ഞു.
അതേ സമയം 2021-22 സീസണിൽ ഉജ്ജ്വല ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന മൊഹമ്മദ് സാല, ഇക്കുറി കളിച്ച 8 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിക്കഴിഞ്ഞു. നിലവിൽ ജാമി വാർഡിക്കൊപ്പം പ്രീമിയർ ലീഗ് സീസണിലെ ഉയർന്ന ഗോൾ വേട്ടക്കാരിൽ ഒന്നാം സ്ഥാനവും പങ്കിടുകയാണ് ഈ ഇരുപത്തിയൊൻപതുകാരൻ.