Football in Malayalam

നിലവിലെ കരാർ അവസാനിക്കുമ്പോൾ ലിവർപൂൾ വിടാനുള്ള പദ്ധതിയിൽ മാറ്റമില്ലെന്ന് യർഗൻ ക്ളോപ്പ്

Sreejith N
Liverpool v Norwich City: The Emirates FA Cup Fifth Round
Liverpool v Norwich City: The Emirates FA Cup Fifth Round / Alex Livesey - Danehouse/GettyImages
facebooktwitterreddit

നിലവിലുള്ള കരാർ അവസാനിക്കുമ്പോൾ ലിവർപൂൾ വിടാനുള്ള തന്റെ പദ്ധതിയിൽ മാറ്റമൊന്നുമില്ലെന്ന് പരിശീലകൻ യർഗൻ ക്ളോപ്പ്. ലിവർപൂളുമായുള്ള അഞ്ചു വർഷത്തെ കരാർ 2024ൽ അവസാനിക്കാൻ നിൽക്കെ അതു പുതുക്കുമോയെന്നു തനിക്ക് അറിയില്ലെന്ന് വെസ്റ്റ് ഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ ക്ളോപ്പ് പറഞ്ഞു.

"നിലവിൽ എന്റെ പദ്ധതി 2024ൽ എത്തുകയെന്നാണ്, നിങ്ങൾക്ക് വളരെ നന്ദി." ക്ളോപ്പ് പറഞ്ഞു. ഇതിനു മുൻപും തന്റെ പദ്ധതി അതുപോലെ തന്നെ തുടരുന്നുവെന്നാണ് ക്ളോപ്പ് പറഞ്ഞിട്ടുള്ളത്. ലിവർപൂളിന്റെ സ്‌ക്വാഡ് മികച്ചതാകുമോ മോശമാകുമോ എന്നതല്ല തന്റെ പദ്ധതികൾ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

"പദ്ധതി ഇപ്പോഴും അതു തന്നെയാണ്, ഒന്നും മാറിയിട്ടില്ല. ഞാൻ 2024ൽ പോകാൻ തീരുമാനിക്കുകയാണെങ്കിൽ അതിനു സ്‌ക്വാഡിന്റെ നിലവാരവുമായി യാതൊരു ബന്ധവുമില്ല: 'ദൈവമേ ഞാനവരെ മാനേജ് ചെയ്യണം' അല്ലെങ്കിൽ 'ദൈവമേ ഞാനവരെ മാനേജ് ചെയ്യുന്നത് നിർത്തുകയാണ് നല്ലത് എന്നു ചിന്തിക്കുന്നില്ല'. അതുമായി ഒരു ബന്ധവുമില്ല."

"ഞങ്ങൾ ചെയ്യുന്നതെല്ലാം ദീർഘകാലത്തേക്കുള്ളതാണ്. ഈ ക്ലബ് ഇനിയും മെച്ചപ്പെടും. പ്രത്യേകിച്ചും ഞാൻ ഇവിടെയില്ലെങ്കിലും, അതാണ് പദ്ധതി, അതിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഞാൻ എത്ര കാലം തുടരുമെന്നതല്ല പ്രധാന കാര്യം, അതു വരെ ഞങ്ങൾ എന്തു ചെയ്യുമെന്നതാണ്." ക്ളോപ്പ് പറഞ്ഞു.

തന്നിൽ ബാക്കിയുള്ള ഊർജ്ജമായിരിക്കും അടുത്ത നീക്കം തീരുമാനിക്കുകയെന്നും ക്ളോപ്പ് പറഞ്ഞു. ഇഷ്ടപ്പെടുന്ന കാര്യമാണ് താൻ ചെയ്യുന്നതെങ്കിലും എല്ലായിപ്പോഴും വളരെ മികച്ച കളിക്കാരെ നോക്കുന്നതിനുമപ്പുറം ഈ ലോകത്ത് മറ്റു പലതുമുണ്ടെന്നും എന്നാലിപ്പോൾ തനിക്ക് വളരെയധികം ഊർജ്ജമുണ്ടെന്നും ക്ളോപ്പ് വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit