ഫുട്ബോളിൽ മാറ്റം വരുത്താനാഗ്രഹിക്കുന്ന ഒരേയൊരു കാര്യം വെളിപ്പെടുത്തി ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്


ഫുട്ബോളിൽ തനിക്ക് മാറ്റം വരുത്താൻ ആഗ്രഹമുള്ള ഒരേയൊരു കാര്യം ഏതാണെന്നു വെളിപ്പെടുത്തി ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. ഫുട്ബോളിൽ ഫീൽഡ് റഫറിമാർക്ക് സംഭവിക്കുന്ന പിഴവുകൾ തിരുത്താൻ വേണ്ടി ഏതാനും വർഷങ്ങൾക്കു മുൻപ് മാത്രം ആരംഭിച്ച വീഡിയോ റഫറിയിങ് സംവിധാനത്തിലാണ് തനിക്കു മാറ്റം വരുത്തേണ്ടത് എന്നാണു ക്ലോപ്പ് പറയുന്നത്.
വീഡിയോ റഫറിയിങ് സംവിധാനത്തിൽ നിലനിൽക്കുന്ന പിഴവുകളെയാണ് ക്ലോപ്പ് ദിസ് ഈസ് ആൻഫീൽഡിനു നൽകിയ അഭിമുഖത്തിൽ വിമർശിക്കുന്നത്. പിഴവുകൾ കണ്ടെത്തുന്നതിലും അതിൽ വിഎആർ ഇടപെടുന്നതും ശരിയല്ലെന്നും റഫറി അതിനെ എങ്ങിനെ കാണുന്നു എന്നതാണ് അവിടെ പ്രധാനമായി പരിഗണിക്കുന്നതെന്നും ക്ലോപ്പ് പറയുന്നു.
ചിലപ്പോൾ ഫൗൾ ഉണ്ടാകുന്ന സമയത്ത് റഫറി അതു കാണാതെ മത്സരം തുടരാൻ പറയുമെന്നും എന്നാൽ നമ്മളും ലോകത്തുള്ള എല്ലാരും അതു കാണുമെന്നും ക്ലോപ്പ് പറഞ്ഞു. വിഎആർ ഓഫീസിലുള്ള ഒരാൾക്ക് അതു കണ്ടു റഫറിയെ തിരുത്താൻ കഴിയുമെങ്കിലും അയാളതു വേണ്ടെന്നു വെക്കുകയാണെങ്കിൽ എന്താണ് സംഭവിക്കുകയെന്നും ശരിയായ തീരുമാനങ്ങളാണ് എപ്പോഴും വേണ്ടതെന്നും ക്ലോപ്പ് പറയുന്നു.
പരിശീലക കരിയറിൽ ഇരുപതു വർഷം പിന്നിടുന്ന ക്ലോപ്പ് ഫുട്ബോളിൽ സംഭവിക്കുന്ന കാര്യങ്ങളെ ഗൗരവമായി കാണേണ്ട കാര്യമില്ലെന്നും അഭിപ്രായപ്പെട്ടു. പരിശീലകർ ക്ലബുകളിൽ നിന്നും പുറത്താക്കപ്പെടുന്നതടക്കമുള്ള വലിയ സംഭവങ്ങൾ ഫുട്ബോൾ ലോകത്ത് നടക്കാറുണ്ടെന്നും എന്നാൽ ഒരു ഗെയിമിനെ അങ്ങിനെ മാത്രം കാണുകയാണു വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന താരങ്ങളുടെ പരിക്കു മൂലം കഴിഞ്ഞ സീസണിൽ പതറിയ ലിവർപൂൾ ഈ സീസണിൽ മികച്ച ഫോമിലാണു മുന്നോട്ടു കുതിക്കുന്നത്. ചെൽസിക്ക് ഒരു പോയിന്റ് മാത്രം പിന്നിൽ പ്രീമിയർ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീം അടുത്ത മത്സരത്തിൽ വാട്ഫോഡിനെയാണ് നേരിടുക.