Liverpool News

അവനു നിരവധി പൊസിഷനുകളിൽ കളിക്കാൻ കഴിയും, ലിവർപൂളിന്റെ പുതിയ യുവതാരത്തേക്കുറിച്ച് യർഗൻ ക്ലോപ്പ് 

Vaisakh. M
Klopp on his new signing
Klopp on his new signing / Etsuo Hara/GettyImages
facebooktwitterreddit

ഡാർവിൻ ന്യൂനസിനും കാൽവിൻ റാംസെക്കുമൊപ്പം ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലിവർപൂൾ സ്വന്തമാക്കിയ യുവതാരമാണ് ഫാബിയോ കാർവാലോ. ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഫുൾഹാമിൽ നിന്നാണ് 19കാരൻ പോർച്ചുഗീസ് യുവതാരത്തെ സ്വന്തമാക്കുന്നത്.

ദി അത്ലെറ്റിക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം 5 മില്യൺ പൗണ്ടിനാണ് താരം ലിവർപൂളിലേക്ക് ചേക്കേറുന്നത്. കൂടാതെ 2.7 മില്യൺ പൗണ്ടിന്റെ ആഡ്-ഓൺസും 20% സെൽ ഓൺ ക്ലോസും കരാറിൽ ഉൾപ്പെടുന്നു. ഫുൾഹാമിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ കാർവാലോ 38 മത്സരങ്ങളിൽ നിന്നായി 11 ഗോളുകളും 8 അസിസ്റ്റുകളും നേടിയിരുന്നു.

നിരവധി പൊസിഷനുകളിൽ തിളങ്ങാൻ കഴിയുന്ന ഫാബിയോ കർവാലോയെ സ്വന്തമാക്കാൻ കഴിഞ്ഞതിൽ ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പും സന്തോഷം പങ്കുവെക്കുന്നുണ്ട്. ലിവർപൂളിന്റെ ഔദ്യോഗിക വെബ്സൈറ്റിനു അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ലിവർപൂളിന്റെ ഏറ്റവും പുതിയ സൈനിങ്ങിനെക്കുറിച്ച് ക്ലോപ്പ് മനസുതുറന്നത്.

"ഫാബിയോ, കൊള്ളാം, അവൻ ഫുൾഹാമിനൊപ്പം കളിച്ചത് എന്തൊരു സീസണാണ്.  ഒരു ഫുട്ബോൾ ശൈലിയിലൂടെ, ശരിയായി ഫുട്ബോൾ കളിച്ച് പ്രമോഷൻ നേടുന്നത് എളുപ്പമല്ല. അതിനാൽ, മാർക്കോ സിൽവ അവിടെ അവിശ്വസനീയമായ ഒരു ജോലിയാണ് ചെയ്തത്. അതിൽ  ഫാബിയോക്കും വലിയൊരു പങ്കുണ്ട്. അതിൽ തീർച്ചയായും ഞങ്ങളുടെ മുൻ കളിക്കാരനായ ഹാരി വിൽസണും നെക്കോ [വില്യംസ്] യും ഉൾപ്പെടുന്നുണ്ട്," ക്ലോപ്പ് അഭിപ്രായപ്പെട്ടു.

"ഞങ്ങൾ അവനെ നിരീക്ഷിച്ചപ്പോൾ, അവനെ കാണുന്നത് തികച്ചും സന്തോഷകരമായിരുന്നു.  ഞങ്ങൾ കളിക്കുന്ന രീതിയിൽ, ഞങ്ങൾക്ക് വേണ്ടി വ്യത്യസ്ത പൊസിഷനുകൾ കളിക്കാൻ അവനു സാധിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

കാർവാലോയെ പിച്ചിലുടനീളം ഏതൊക്കെ സ്ഥാനങ്ങളിൽ ഉപയോഗിക്കാമെന്നും ക്ലോപ്പ് അഭിമുഖത്തിൽ വ്യക്തമാക്കി: 

"ഇപ്പോ അവനെ ശരിക്കും എവിടെ കളിപ്പിക്കും എന്നു തീരുമാനിച്ചിട്ടില്ല. അവൻ വിങ്ങിലും, എട്ടാം നമ്പറിലും പത്താം നമ്പറിലും കുറച്ച് മസിൽ കൂടി വളർത്തിയാൽ ഫാൾസ് 9 പൊസിഷനിലും കളിക്കാനാകും. ഇതൊരു ഹ്രസ്വകാല, ദീർഘകാല പദ്ധതിയാണ്;  അവന് നാളെ സ്റ്റാർട്ട്‌ ചെയ്യാൻ സാധിക്കും, അവൻ കളിയുമായി പൊരുത്തപ്പെടേണ്ടതുണ്ട്, നിങ്ങൾക്ക് അത് അൽപ്പം കാണാൻ കഴിയും.  പക്ഷേ പന്ത് അവന്റെ കൈവശമുള്ളപ്പോൾ ശരിക്കും മികച്ച നിലവാരം പുലർത്തുമെന്നുറപ്പാണ്. അവൻ ഇവിടെയുണ്ടെന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു.  അതിശയകരമായ പ്രതീക്ഷയാണവൻ," ക്ലോപ്പ് കൂട്ടിച്ചേർത്തു.

ക്ലോപ്പിന്റെ ശിക്ഷണത്തിൽ ലോകോത്തരതാരമായി വളരാൻ സാധ്യതയുള്ള യുവതാരമാണ് കാർവാലോ.


facebooktwitterreddit