ലിവർപൂളുമായുള്ള കരാർ പുതുക്കി യുർഗൻ ക്ലോപ്പ്

പരിശീലകൻ യുർഗൻ ക്ലോപ്പ് ക്ലബുമായുള്ള കരാർ പുതുക്കിയതായി സ്ഥിരീകരിച്ച് ലിവർപൂൾ. 2024 വരെ കരാറുണ്ടായിരുന്ന ക്ലോപ്പ്, അത് രണ്ട് വർഷത്തേക്ക് കൂടിയാണ് നീട്ടിയിട്ടുള്ളത്. ക്ലോപ്പിനൊപ്പം, സഹപരിശീലകരായ പെപിന് ലൈൻഡേഴ്സും, പീറ്റർ ക്രവീറ്റ്സും 2026 വരെ കരാർ പുതുക്കിയിട്ടുണ്ട്.
2015ൽ ലിവർപൂൾ പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷം ചെമ്പടയെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാക്കി മാറ്റാൻ ക്ലോപ്പിന് കഴിഞ്ഞിഞ്ഞിട്ടുണ്ട്. ക്ലോപ്പിന് കീഴിൽ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോക കപ്പ്, ഇഎഫ്എൽ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ ലിവർപൂൾ നേടിയിട്ടുണ്ട്.
ക്ലോപ്പിന് കീഴിൽ ഈ സീസണിൽ മിന്നും പ്രകടനമാണ് ലിവർപൂൾ കാഴ്ചവെക്കുന്നത്. ഇതിനോടകം സീസണിൽ കറബാവോ കപ്പ് കിരീടം സ്വന്തമാക്കിയിട്ടുള്ള ലിവർപൂൾ, പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ് കിരീടപ്പോരാട്ടത്തിലുമുണ്ട്.
പ്രീമിയർ ലീഗിൽ 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുള്ള ലിവർപൂളിന്, ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയിന്റ് മാത്രമാണ് കുറവുള്ളത്. ചാമ്പ്യൻസ് ലീഗിലാകട്ടെ, സെമി ഫൈനൽ ആദ്യ പാദത്തിൽ വിയ്യാറയലിനെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ഫൈനലിലേക്ക് മുന്നേറുന്നതിനോടടുത്താണ് ചെമ്പട. എഫ്എ കപ്പ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയ ലിവർപൂൾ, കലാശപ്പോരാട്ടത്തിൽ ചെൽസിയെയാണ് നേരിടുക.