സിമിയോണിയുടെ ശൈലി ഇഷ്‌ടപ്പെടുന്നില്ല, മറ്റൊരു രീതിയാണു പിന്തുടരാൻ താൽപര്യമെന്ന് ക്ലോപ്പ്

Sreejith N
Atletico Madrid v Liverpool FC - UEFA Champions League Round of 16: First Leg
Atletico Madrid v Liverpool FC - UEFA Champions League Round of 16: First Leg / Sonia Canada/GettyImages
facebooktwitterreddit

പ്രതിരോധ ഫുട്ബോളിനു പ്രാധാന്യം നൽകുന്ന അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണിയുടെ ശൈലിയോട് തനിക്കു താൽപര്യമില്ലെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. ഫുട്ബോളിൽ മറ്റൊരു ശൈലിയാണ് താൻ പിന്തുടരാൻ ആഗ്രഹിക്കുന്നതെന്ന് അത്ലറ്റികോ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ ക്ലോപ്പ് പറഞ്ഞു.

സിമിയോണി അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ ആയതിനു ശേഷം അവർ പിന്തുടരുന്ന ശൈലി വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. പ്രതിരോധത്തിലേക്ക് പൂർണമായും വലിഞ്ഞു കളിക്കുന്ന അത്ലറ്റികോ മാഡ്രിഡിൽ വമ്പൻ താരങ്ങൾ ഇല്ലാതിരുന്നിട്ടും ബാഴ്‌സയെയും റയലിനെയും മറികടന്ന് നിരവധി നേട്ടങ്ങളും അവർ ഇക്കാലയളവിൽ സ്വന്തമാക്കിയിട്ടുണ്ട്.

"അവർ ചെയ്യുന്നതിനെ എനിക്ക് കൂടുതൽ ബഹുമാനിക്കാൻ കഴിയില്ല. വ്യത്യസ്‌തമായ ഫുട്ബോളാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അതെന്റെ കാര്യമാണ്, മറ്റു പരിശീലകർ വ്യത്യസ്‌ത രീതിയിലുള്ള ഫുട്ബോൾ ഇഷ്ടപ്പെടുന്നുണ്ട്, ആരും അതിനെ ഇഷ്ടപ്പെടണമെന്നില്ല, അതിൽ വിജയമുണ്ടാക്കിയാൽ മാത്രം മതി. അത്ലറ്റികോ അതാണെന്ന കാര്യം ഉറപ്പാണ്," സിമിയോണി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ തവണ ലിവർപൂളും അത്ലറ്റികോ മാഡ്രിഡും ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടിയ സമയത്ത് ലിവർപൂൾ തോൽവി വഴങ്ങിയതും ക്ലോപ്പ് ഓർമിപ്പിച്ചു. അന്നത്തെ പല താരങ്ങളെയും അത്ലറ്റികോ മാറ്റിയിട്ടുണ്ടെങ്കിലും അവർ ദുർബലരായിട്ടില്ലെന്ന് ക്ലോപ്പ് വ്യക്തമാക്കി. ആ മത്സരം തനിക്ക് വലിയ നിരാശ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സീസൺ ആരംഭിച്ചതിനു ശേഷം പതിനൊന്നു മത്സരങ്ങൾ കളിച്ചതിൽ ഒരു തോൽവി പോലും വഴങ്ങാത്ത ലിവർപൂളിനു തന്നെയാണ് മത്സരത്തിൽ വിജയത്തിനുള്ള സാധ്യതയുള്ളത്. അതേസമയം സീസണിൽ സമ്മിശ്രമായ പ്രകടനം നടത്തുന്ന അത്ലറ്റികോ മാഡ്രിഡിനു മത്സരം സ്വന്തം മൈതാനത്താണെന്നത് ആനുകൂല്യം നൽകുന്നു.


facebooktwitterreddit