മാഞ്ചസ്റ്റർ സിറ്റിയെ യൂറോപ്പിലെ ഏറ്റവും മികച്ച ടീമെന്ന് വിശേഷിപ്പിച്ച് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്

By Gokul Manthara
FC Porto v Liverpool FC: Group B - UEFA Champions League
FC Porto v Liverpool FC: Group B - UEFA Champions League / Quality Sport Images/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റി യൂറോപ്പിലെ ഏറ്റവും മികച്ച ടീമാണെന്നും ഞായറാഴ്ച അവർക്കെതിരെ നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരം തങ്ങളെ സംബന്ധിച്ച് കഠിനമായിരിക്കുമെന്നും ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. ഫുട്ബോൾ ലോകം വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പെപ് ഗ്വാർഡിയോളയുടെ സംഘത്തെ ക്ലോപ്പ് വാനോളം പ്രശംസിച്ചത്.‌

പാരീസ് സെന്റ് ജെർമ്മനെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതിന് ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി, തങ്ങൾക്കെതിരായ മത്സരത്തിനെത്തുന്നതെന്ന് ഓർമ്മിപ്പിക്കുന്ന ക്ലോപ്പ് എന്നാൽ അത് വളരെ മികച്ച മത്സരമായിരുന്നുവെന്നും പരാജയപ്പെട്ടെങ്കിലും മാഞ്ചസ്റ്റർ സിറ്റി വളരെ നന്നായി കളിച്ചുവെന്നും ചൂണ്ടിക്കാട്ടി. പി എസ് ജിയെപ്പോലെ മികച്ച നിലവാരത്തിലുള്ള ടീമിനെതിരെ മാഞ്ചസ്റ്റർ സിറ്റി ആധിപത്യം പുലർത്തി കളിച്ചതിനെ പ്രശംസിച്ച ക്ലോപ്പ്, അത് ആ ടീമിന്റെ നിലവാരം എടുത്ത് കാട്ടുന്നതാണെന്നും കൂട്ടിച്ചേർത്തു.

""എന്നെ സംബന്ധിച്ചിടത്തോളം നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച ടീമാണ് അവർ (മാഞ്ചസ്റ്റർ സിറ്റി). അവർക്കെതിരായ മത്സരം കഠിനമായിരിക്കും." "

യർഗൻ ക്ലോപ്പ്

കഴിഞ്ഞയാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എല്ലാവരും മികച്ചതെന്ന് പറയുന്ന ചെൽസിയെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തി യെന്ന് ക്ലോപ്പ് ചൂണ്ടിക്കാട്ടുന്നു‌. ചെൽസിക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രകടനം വളരെ മികച്ചു നിന്നെന്നും, ആ ടീമിനെയാണ് തങ്ങൾ ഇപ്പോൾ നേരിടാൻ പോകുന്നതെന്നും പറഞ്ഞ ലിവർപൂൾ ബോസ്, മത്സരം ജയിക്കണമെങ്കിൽ തങ്ങൾക്ക് ഗോളുകൾ നേടേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.

അതേ സമയം പ്രീമിയർ ലീഗിൽ നിലവിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകളാണ് ലിവർപൂളും, മാഞ്ചസ്റ്റർ സിറ്റിയും. ലിവർപൂൾ 6 മത്സരങ്ങളിൽ നിന്ന് 14 പോയിന്റോടെ ലീഗിൽ ഒന്നാം സ്ഥാനത്തും, അത്ര തന്നെ മത്സരങ്ങളിൽ 13 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതുമാണുള്ളത്. പ്രീമിയർ ലീഗിലെ ഈ 2 വമ്പന്മാർ നേർക്കുനേർ വരുമ്പോൾ പോരാട്ടം പൊടിപാറുമെന്നാണ് കരുതപ്പെടുന്നത്.

facebooktwitterreddit