Football in Malayalam

"കൂമാൻ എന്നോട് നുണ പറഞ്ഞു"- മുൻ ബാഴ്‌സലോണ പരിശീലകനെ രൂക്ഷമായി വിമർശിച്ച് ക്ലബിന്റെ മുൻ താരം ജൂനിയർ ഫിർപ്പോ

Sreejith N
Osasuna v FC Barcelona - La Liga Santander
Osasuna v FC Barcelona - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ മുൻ പരിശീലകനായ റൊണാൾഡ്‌ കൂമാനെതിരെ കടുത്ത വിമർശനവുമായി ക്ലബിന്റെ മുൻ താരവും നിലവിൽ ലീഡ്‌സ് യുണൈറ്റഡ് കളിക്കാരനുമായ ജൂനിയർ ഫിർപ്പോ. തനിക്ക് ടീമിൽ ഇടം നൽകാത്തതിനെ കുറിച്ച് സത്യസന്ധമല്ലാത്ത കാരണങ്ങളാണ് കൂമാൻ പറഞ്ഞിരുന്നതെന്നു വെളിപ്പെടുത്തിയ ജൂനിയർ ഫിർപ്പോ ട്രെയിനിങ് ഗ്രൗണ്ടിൽ ഡച്ച് പരിശീലകന്റെ അസാന്നിധ്യത്തെയും ചോദ്യം ചെയ്‌തു.

2019 ഓഗസ്റ്റിലാണ് ജൂനിയർ ഫിർപ്പോ റയൽ ബെറ്റിസിൽ നിന്നും ബാഴ്‌സലോണയിൽ എത്തുന്നത്. 41 മത്സരങ്ങൾ ക്ലബിനായി കളിച്ച് രണ്ടു ഗോളുകൾ നേടിയ താരം കൂമാനു കീഴിൽ അവസരങ്ങൾ കുറഞ്ഞതിനെ തുടർന്നാണ് 2020-21 സീസണു മുന്നോടിയായി 15 മില്യൺ യൂറോയുടെ ട്രാൻസ്‌ഫറിൽ ലീഡ്‌സിലേക്ക് ചേക്കേറിയത്.

"എന്നെ എന്തു കൊണ്ടാണ് കലിപ്പിക്കാത്തത് എന്നതിനെക്കുറിച്ച് ഞാൻ കൂമാനോട് വിശദീകരണം ചോദിച്ച അന്നു മുതൽ അദ്ദേഹം എന്നോട് നുണ പറയാൻ തുടങ്ങി. പരിശീലകൻ നിങ്ങളോട് കള്ളം പറഞ്ഞു തുടങ്ങുമ്പോൾ തെറ്റിദ്ധരിപ്പിക്കുകയാണ് അവരുടെ ഉദ്ദേശം എന്നവർ മനസിലാക്കുന്നു. നിങ്ങളെ വീണ്ടും വീണ്ടും അവർ തെറ്റിദ്ധരിപ്പിക്കുകയാണ് എങ്കിൽ എന്തിനാണ് വിശദീകരണങ്ങൾ ആവശ്യപ്പെടുന്നത്."

"അർത്ഥശൂന്യമായ കള്ളങ്ങളാണ് അയാൾ എന്നോട് പറഞ്ഞത്. എന്റെ പരിശീലനം മോശമാണ്, ഞാൻ ഗ്രൂപ്പിനെ മലിനമാക്കുന്നു തുടങ്ങിയ കാര്യങ്ങൾ. ആ സമയത്ത് ക്ലബിലുള്ള ആരോട് ഇക്കാര്യം ചോദിച്ചാലും അവരതിനോട് യോജിക്കും." ഫിർപ്പോ പറഞ്ഞു. അതിനു പുറമെ പരിശീലകൻ സെഷനുകളിൽ കൂമാൻറെ അസാന്നിധ്യത്തെയും അദ്ദേഹം ചോദ്യം ചെയ്‌തു.

"എന്നോട് മാത്രമല്ല, മറ്റു കളിക്കാരോടും അദ്ദേഹം ബഹുമാനക്കുറവ് കാണിച്ചിരുന്നു. ഒരു മത്സരത്തിനു ശേഷം പകരക്കാരായി ഇറങ്ങിയവർ അടുത്ത ദിവസം പരിശീലിക്കുമ്പോൾ കൂമാൻ താമസിച്ചെത്തുന്നത് എനിക്ക് മനസിലാകാറില്ല. ഞങ്ങൾ പരിശീലനം നടത്തുമ്പോൾ അദ്ദേഹം അയാളുടെ ഓഫീസിൽ ആയിരിക്കും."

"ഞാൻ കളിക്കാൻ യോഗ്യനാണെങ്കിലും നിങ്ങൾ എന്നെ അതിനു തിരഞ്ഞെടുക്കാതിരിക്കുമ്പോൾ അതെനിക്ക് തെളിയിക്കാൻ കഴിയുന്ന ഒരേയൊരു വഴി പരിശീലനത്തിലൂടെയാണ്. മുഴുവൻ ടീമും കളിക്കുമ്പോൾ അത് കൂടുതൽ കഠിനമാണ്. ഞങ്ങൾ കൂടുതൽ പേര് ഉണ്ടാവും. വ്യായാമം ചെയ്‌തതിനു ശേഷം ഒരു ഗെയിം കളിക്കുമ്പോൾ തന്നെ അവർ ക്ഷീണിതരാകും."

"എനിക്ക് കളിക്കണമെന്നും അതിനു ഞാൻ യോഗ്യനാണെന്നും തെളിയിക്കാൻ കഴിയുന്ന ദിവസം മത്സരത്തിനു ശേഷമുള്ള, പകരക്കാരെ കൂടുതൽ പരിശീലിക്കുന്ന ദിവസമാണ്. ആ ദിവസം നിങ്ങളവിടെ ഇല്ല." ഫിർപ്പോ എസ്ഇആർ കാറ്റലോണിയയോട് പറഞ്ഞു.

മോശം പ്രകടനത്തെ തുടർന്ന് ഈ സീസൺ കുറച്ചു പിന്നിട്ടപ്പോൾ തന്നെ ബാഴ്‌സലോണ കൂമാനെ പുറത്താക്കി സാവിയെ നിയമിച്ചിരുന്നു എങ്കിലും ഇപ്പോഴും താളം വീണ്ടെടുക്കാൻ ടീമിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ബയേണിനോട് തോറ്റ് ബാഴ്‌സലോണ യൂറോപ്പ ലീഗിൽ കളിക്കേണ്ട സാഹചര്യത്തിലേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit