FC Barcelona News

ട്രാൻസ്‌ഫർ മാർക്കറ്റിൽ ബാഴ്‌സലോണയുടെ ഇടപെടലുകളെ ചോദ്യം ചെയ്‌ത്‌ ബയേൺ പരിശീലകൻ നാഗേൽസ്‌മാൻ

Sreejith N
Nagelsmann Questions Barcelona's Summer Transfer Activities
Nagelsmann Questions Barcelona's Summer Transfer Activities / Stefan Matzke - sampics/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ നടത്തുന്ന ഇടപെടലുകളെ ചോദ്യം ചെയ്‌ത്‌ ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നാഗേൽസ്‌മാൻ. കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെങ്കിലും യൂറോപ്പിലെ മികച്ച താരങ്ങളെ ടീമിലേക്കെത്തിക്കാൻ ബാഴ്‌സലോണക്കു കഴിയുന്നത് വിചിത്രമായി തോന്നുന്നുവെന്നാണ് നാഗേൽസ്‌മാൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

സാമ്പത്തികപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ സമ്മറിൽ ലയണൽ മെസിയെ ഒഴിവാക്കേണ്ടി വന്ന ബാഴ്‌സലോണ ഈ സമ്മറിൽ രണ്ടു വമ്പൻ സൈനിംഗുകളാണ് നടത്തിയത്. 115 മില്യൺ യൂറോയോളം മുടക്കി ലെവൻഡോസ്‌കി, റഫിന്യ എന്നിവരെ സ്വന്തമാക്കിയ ബാഴ്‌സലോണ ഒസ്മാനെ ഡെംബലെയുടെ കരാർ പുതുക്കി ഫ്രീ ഏജന്റുമാരായി ഫ്രാങ്ക് കെസീ, ക്രിസ്റ്റൻസെൻ എന്നിവരെയും ടീമിലെത്തിക്കുകയുണ്ടായി.

"ലെവൻഡോസ്‌കി മാത്രമല്ല, അവർക്ക് ഒരുപാട് പുതിയ താരങ്ങളെ ലഭിക്കുന്നു. എങ്ങിനെയാണെന്ന് എനിക്കറിയില്ല. പണമില്ലാതെ താരങ്ങളെ വാങ്ങാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു ക്ലബ് അവരാകും. അതു വിചിത്രവും അസ്വാഭാവികവുമായി തോന്നുന്നു." ഡിസി യുണൈറ്റഡുമായുള്ള പ്രീ സീസൺ മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കേ ബയേൺ പരിശീലകൻ പറഞ്ഞു.

ക്ലബ് പ്രസിഡന്റായ യോൻ ലപോർട്ട കൊണ്ടുവന്ന പുതിയ സാമ്പത്തിക നയങ്ങളാണ് ബാഴ്‌സലോണക്ക് പുതിയ താരങ്ങളെ സ്വന്തമാക്കാൻ പ്രധാനമായും സഹായിച്ചത്. ട്രാൻസ്‌ഫർ മാർക്കറ്റിൽ തങ്ങളുടെ കൈകൾ കെട്ടിയിട്ടിരിക്കുകയാണെന്നാണ് ലപോർട്ട മുൻപ് പറഞ്ഞതെങ്കിലും സാമ്പത്തിക നയങ്ങളിലൂടെ അതിനെ മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അതേസമയം ബാഴ്‌സലോണയുടെ സൈനിംഗുകൾ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ജൂൾസ് കൂണ്ടെ, ബെർണാർഡോ സിൽവ, ആസ്പ്ലികുയറ്റ, അലോൺസോ എന്നിവർ ബാഴ്‌സയുടെ റഡാറിൽ ഉണ്ടെങ്കിലും ഇവരിൽ ആരെയൊക്കെ ക്ലബിന് സ്വന്തമാക്കാൻ കഴിയുമെന്ന് ഉറപ്പില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit