Football in Malayalam

ബാഴ്‌സലോണയെ പുറകോട്ടടിപ്പിച്ചതെന്ത്? ബയേൺ മ്യൂണിക്ക് പരിശീലകൻ പറയുന്നു

Sreejith N
FC Bayern München v SL Benfica: Group E - UEFA Champions League
FC Bayern München v SL Benfica: Group E - UEFA Champions League / Alexander Hassenstein/GettyImages
facebooktwitterreddit

ഈ സീസണിൽ ബാഴ്‌സലോണയുടെ മോശം ഫോമിന്റെ കാരണമെന്തെന്നു വെളിപ്പെടുത്തി ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നാഗേൽസ്മാൻ. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ച് ബാഴ്‌സലോണയെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കിയതിനു ശേഷം സാമ്പത്തിക പ്രശ്‌നങ്ങളാണ് കാറ്റലൻ ക്ലബിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നാണ് നാഗേൽസ്‌മാൻ പറയുന്നത്.

കോവിഡ് മഹാമാരിയും ഇതിനു മുൻപുണ്ടായിരുന്ന ക്ലബ് നേതൃത്വത്തിന്റെ കുത്തഴിഞ്ഞ നയങ്ങളും ബാഴ്‌സലോണയ്ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സമ്മാനിച്ചത്. ഇക്കാരണം കൊണ്ട് ലയണൽ മെസി, അന്റോയിൻ ഗ്രീസ്‌മൻ എന്നിവർ ഉൾപ്പെടെ പല താരങ്ങളെയും ഒഴിവാക്കേണ്ടി വന്ന ക്ലബിന് പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ കഴിഞ്ഞതുമില്ല.

"കടത്തിന്റെ വലിയൊരു പർവതം ക്ലബിനു മുകളിൽ വട്ടമിട്ടു നിൽക്കുന്നുവെന്നു ഞാൻ വിശ്വസിക്കുന്നു. ട്രാൻസ്‌ഫർ മാർക്കറ്റിൽ ബാഴ്‌സലോണ സാധാരണയായി ചെയ്യുന്നത് അവർക്ക് ചെയ്യാൻ കഴിഞ്ഞില്ല. നിങ്ങൾക്ക് 1.5 ബില്യൺ കടം മാത്രമുള്ളപ്പോൾ സന്തോഷത്തിലൂടെ ജീവിതം കടന്നു പോകുമെന്നു കരുതുന്നില്ല," ഡിഎസെഡ്എന്നിനോട് നാഗേൽസ്മാൻ പറഞ്ഞു.

നിലവിലെ പ്രതിസന്ധികളിൽ നിന്നും ബാഴ്‌സലോണ തിരിച്ചു വരുമെന്ന പ്രതീക്ഷയും അതിനൊപ്പം നാഗേൽസ്മാൻ പ്രകടിപ്പിച്ചു. "അവർക്ക് ഞാൻ എല്ലാ ആശംസകളും നേരുന്നു. അതിനൊപ്പം ഞങ്ങൾക്ക് അറിയാവുന്ന മഹത്തായ ബാഴ്‌സലോണയായി ക്ലബ് വീണ്ടും മാറുമെന്നും ഞാൻ കരുതുന്നു," അദ്ദേഹം വ്യക്തമാക്കി.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആറു മത്സരങ്ങളിൽ വെറും രണ്ടു ഗോളുകൾ മാത്രമാണ് നേടിയതെന്നത് ബാഴ്‌സയും യൂറോപ്പിലെ മറ്റു ക്ലബുകളും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന കണക്കാണ്. അതേസമയം ഒൻപതു ഗോളുകൾ കാറ്റലൻ ക്ലബ് വഴങ്ങുകയും ചെയ്‌തിട്ടുണ്ട്‌. ലാ ലീഗയിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ടീമിന് ഈ സീസണിൽ ടോപ് ഫോർ തന്നെ ദുഷ്കരമായ ഒന്നാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit