ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങൾ സത്യമല്ലെന്നു വെളിപ്പെടുത്തി ജൂലിയൻ നേഗൽസ്മാൻ


ബയേൺ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സയിലേക്ക് ചേക്കേറിയതോടെ പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഗണിക്കുമെന്ന അഭ്യൂഹങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ഇക്കാര്യത്തിൽ ബയേണിന്റെ വ്യക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ് പരിശീലകനായ ജൂലിയൻ നേഗൽസ്മാൻ.
റൊണാൾഡോയെ ബയേൺ സ്വന്തമാക്കണമെന്ന് നാഗേൽസ്മാൻ ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനെ കുറിച്ച് നാഗേൽസ്മാനോട് താൻ ചോദിക്കുകയും, "ഞാനും അത് വായിച്ചു, പക്ഷെ അത് സത്യമല്ല," എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ജർമൻ മാധ്യമമായ ബിൽഡിന്റെ ക്രിസ്ത്യൻ ഫാക്ക് വെളിപ്പെടുത്തുന്നു.
നിലവിൽ ചാമ്പ്യൻസ്ലീഗ് ഫുട്ബോളിൽ കളിക്കാനുള്ള ആഗ്രഹമാണ് റൊണാൾഡോയെ യുണൈറ്റഡ് വിടാൻ പ്രേരിപ്പിക്കുന്നത്. അനുയോജ്യമായ ഓഫർ ലഭിക്കുകയാണെങ്കിൽ തന്നെ ക്ലബ്ബ് വിടാൻ അനുവദിക്കണമെന്ന് റൊണാൾഡോ ആവശ്യപ്പെട്ടിരുന്നു.
ബയേണിനെ കൂടാതെ ചെൽസി, പിഎസ്ജി, നപോളി, എഎസ് റോമ എന്നീ ക്ലബ്ബുകകളുമായും റൊണാൾഡോയെ ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.
റൊണാൾഡോയെ സൈൻ ചെയ്യാൻ താത്പര്യമില്ലെന്ന് ബയേൺ സിഇഒയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതേസമയം റൊണാൾഡോ ഒരു മികച്ച താരമാണെന്നും മറ്റൊരു ക്ലബ്ബിലെ താരത്തിന്റെ ട്രാൻസ്ഫറിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും ചെൽസി പരിശീലകൻ തോമസ് ടൂഷേൽ അഭിപ്രായപ്പെടുന്നു. ഒരു ക്ലബ്ബും താരത്തിനായി ശ്രമിച്ചില്ലെങ്കിൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.