Football in Malayalam

സർപ്രൈസ് നീക്കത്തിനൊരുങ്ങി ചെൽസി; ഡോർട്മുണ്ട് യുവവിസ്മയത്തെ സ്വന്തമാക്കാൻ വൻ തുക മുടക്കാൻ തയ്യാറായി ഇംഗ്ലീഷ് ക്ലബ്

Gokul Manthara
ബൊറൂസിയ ഡോർട്മുണ്ട് താരങ്ങൾ പരിശീലനത്തിൽ
ബൊറൂസിയ ഡോർട്മുണ്ട് താരങ്ങൾ പരിശീലനത്തിൽ / INA FASSBENDER/Getty Images
facebooktwitterreddit

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ കൗമാര സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിക്ക് പദ്ധതികളെന്നും അതിനായി 100 മില്ല്യൺ പൗണ്ട് മുടക്കാൻ അവർ തയ്യാറാണെന്നും സൂചനകൾ. നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവുമധികം ഡിമാൻഡുള്ള‌ യുവ താരങ്ങളിൽ ഒരാളായ ഈ പതിനേഴുകാരനായി വരുന്ന സമ്മറിൽ ചെൽസി ശക്തമായ നീക്കങ്ങൾ നടത്തുമെന്നാണ് യൂറോ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്.

ഫുട്ബോളിലെ വരും കാല സൂപ്പർ താരങ്ങളിൽ ഒരാളെന്ന് വിശേഷിക്കപ്പെടുന്ന‌ ബെല്ലിംഗ്ഹാമിനെ അത്രയെളുപ്പം ജർമൻ ക്ലബ്ബിൽ നിന്ന്‌ സ്വന്തമാക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ള ഇംഗ്ലീഷ് ക്ലബ്ബ് അതു കൊണ്ടു തന്നെ താരത്തിനായി അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ വൻ തുക മുടക്കാൻ തയ്യാറായിക്കഴിഞ്ഞുവെന്നാണ് വാർത്തകൾ. കഴിഞ്ഞ സമ്മറിൽ തങ്ങൾ ടീമിലെത്തിക്കാൻ ശ്രമിച്ച ഡെക്ലൻ റൈസിനേക്കാൾ ഗുണം ബെല്ലിംഗ്ഹാമിന്റെ വരവ് ടീമിന് സമ്മാനിക്കുമെന്ന് വിശ്വസിക്കുന്ന ചെൽസിയുടെ വരുന്ന സമ്മറിലെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യം ഈ മധ്യനിര താരമാകുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ കഴിഞ്ഞ വർഷം ജൂലൈയിൽ ഡോർട്ട്മുണ്ടിലെത്തിയ ബെല്ലിംഗ്ഹാം ക്ലബ്ബിനൊപ്പം ഉജ്ജ്വല പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. ഈ സീസണിൽ മാത്രം കളിച്ച 39 മത്സരങ്ങളിൽ 3 ഗോളുകളും, 4 അസിസ്റ്റുകളും നേടിയ താരം ചാമ്പ്യൻസ് ലീഗിൽ പുറത്തെടുത്ത പ്രകടനത്തിലൂടെ ഫുട്ബോൾ ലോകത്തിന്റെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് താരമെന്ന റെക്കോർഡ് അടുത്തിടെ സ്വന്തമാക്കിയ ബെല്ലിംഗ്ഹാം, ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ രണ്ടാമതുമെത്തിയിരുന്നു‌. നിലവിൽ 2023 ജൂൺ വരെ ബൊറൂസിയ ഡോർട്ട്മുണ്ടുമായി കരാറുള്ള ബെല്ലിംഗ്ഹാമിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിനും നോട്ടമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ താരത്തിനായി രണ്ടും കൽപ്പിച്ച് രംഗത്തുള്ളത് ചെൽസിയാണെന്നാണ് കരുതപ്പെടുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit