Football in Malayalam

റഫറിയെ അധിക്ഷേപിച്ചു, ബൊറൂസിയ ഡോർട്മുണ്ട് താരം ജൂഡ് ബെല്ലിങ്‌ഹാമിന് പിഴ ശിക്ഷ

Haroon Rasheed
Sporting CP v Borussia Dortmund - UEFA Champions League
Sporting CP v Borussia Dortmund - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

മത്സരത്തിനിടെ റഫറിയ അധിക്ഷേപിച്ച ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ഹാം പിഴ ശിക്ഷകൊണ്ട് രക്ഷപ്പെട്ടു. വിലക്ക് ലഭിക്കാവുന്ന കുറ്റത്തിന് പിഴ ശിക്ഷ മാത്രമാണ് താരത്തിന് ലഭിച്ചത്. ബുണ്ടസ്‌ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനെതിരെയുള്ള നാടകീയ തോല്‍വിക്ക് ശേഷമായിരുന്നു ഡോര്‍ട്മുണ്ട് താരം റഫറി ഫെലിക്സ് സ്വയറെ അധിക്ഷേപിച്ചത്.

നേരത്തെ കോഴക്കേസില്‍ ഉള്‍പ്പെട്ട റഫറിയായ സ്വയറെ അധിക്ഷേപിക്കുകയും റഫറിയുടെ സമഗ്രതയെ താരം ചോദ്യം ചെയ്യുകയും ചെയ്തതാണ് വിവാദമായത്. താരത്തിന് പിഴ ശിക്ഷ ലഭിച്ചെന്നും, എന്നാൽ വിലക്ക് ഒഴിവാക്കിയെന്നും ഡോർട്മുണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

"കഴിഞ്ഞ ശനിയാഴ്ച ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ബയേണ്‍ മ്യൂണിക്കും തമ്മില്‍ നടന്ന ബുണ്ടസ്‌ലിഗ മത്സരത്തിന് ശേഷം റഫറി ഫെലിക്‌സ് സ്വെയറിനെക്കുറിച്ച് ടിവി പ്രസ്താവന നടത്തിയതിന് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് കോര്‍ട്ട് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ യുവ താരം ജൂഡ് ബെല്ലിംഗ്ഹാമിനെ (18) വിലക്കിയിട്ടില്ല," ഡോര്‍ട്മുണ്ട് സ്‌റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കി.

ഫൈനല്‍ വിസിലിന് ശേഷമായിരുന്നു ബെല്ലിങ്ഹാം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വയറെ ശിക്ഷിച്ച കാര്യം ഓര്‍മിച്ചത്. ശിക്ഷ പിഴയിലൊതുങ്ങിയതിനാല്‍ അടുത്ത ശനിയാഴ്ച നടക്കുന്ന ബുണ്ടസ്‌ലിഗ മത്സരത്തില്‍ ബെല്ലിങ്ഹാമിന് കളിക്കാന്‍ കഴിയും. സ്വയറെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം ജര്‍മന്‍ പൊലിസും അന്വേഷണം നടത്തുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഡോര്‍ട്മുണ്ട് പബ്ലിക് പ്രൊസിക്യൂട്ടര്‍.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit