യുവാന്‍ മാറ്റയെ സ്വന്തമാക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങി ലീഡ്‌സ് യുണൈറ്റഡ്

സ്പാനിഷ് താരം യുവാന്‍ മാറ്റയെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബായ ലീഡ്‌സ് യുണൈറ്റഡ് ചര്‍ച്ചകള്‍ തുടരുന്നതായി 90min മനസിലാക്കുന്നു. എന്നാല്‍ രണ്ട് കൂട്ടരും തമ്മില്‍ ഇതുവരെയും ഒരു ധാരണയിലും എത്തിയിട്ടില്ലെന്നാണ് വിവരം. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിച്ച മാറ്റ നിലവിൽ ഫ്രീ ഏജന്റാണ്.
മേജര്‍ സോക്കര്‍ ലീഗിൽ നിന്നും, ടര്‍ക്കിഷ് ലീഗിലെ ക്ലബുകളായ ഗലാതസറെ, ബെസിക്തസ് എന്നിവരും മാറ്റയിൽ താത്പര്യം പ്രകടപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാറ്റ ലീഡ്‌സ് യുണൈറ്റഡുമായി ചര്‍ച്ചകള്‍ നടത്തുന്നതായാണ് 90min മനസിലാക്കുന്നത്.
ലീഡ്‌സ് യുണൈറ്റഡിന്റെ ഫുട്‌ബോള്‍ ഡയറക്ടര്‍ വിക്ടര്‍ ഓര്‍ട്ട മാറ്റയുമായി ഇക്കാര്യത്തില്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ലീഡ്‌സ് യുണൈറ്റഡിലേക്ക് ചേക്കേറാന്‍ മാറ്റക്ക് താല്‍പര്യമുണ്ടെങ്കിലും ഇതുവരെയും ഒരു ധാരണയും ഉണ്ടായിട്ടില്ല. ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ ഏതെങ്കിലും ലീഗുകളില്‍ കളിക്കാനാണ് മാറ്റക്ക് താല്‍പര്യമെന്നാണ് 90min മനസിലാക്കുന്നത്.
ലാ ലിഗ ക്ലബായ റയല്‍ ബെറ്റിസ്, ഫ്രഞ്ച് ക്ലബായ മാഴ്‌സെ, ഇറ്റാലിയന്‍ ക്ലബായ ലാസിയോ, എ.എസ് റോമ തുടങ്ങിയ ക്ലബുകളും മാറ്റയെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
യൂറോപ്പിലെ വിവിധ ക്ലബുകള്‍ക്കായി 600ലധികം മത്സരങ്ങൾ കളിച്ച താരമാണ് 34കാരനായ മാറ്റ. 2009 മുതല്‍ 2016 വരെ സ്പാനിഷ് ദേശീയ ടീമിന് വേണ്ടിയും കളിച്ച മാറ്റ 41 മത്സരങ്ങളിൽ നിന്നായി 10 ഗോളുകളും സ്വന്തം രാജ്യത്തിനായി നേടിയിട്ടുണ്ട്.