Football in Malayalam

മാഡ്രിഡ് ഡെർബിയിൽ പെനാൽറ്റി വിവാദം; റയലിന് പെനാൽറ്റി അനുവദിക്കാതിരുന്നത് ശരിയായ തീരുമാനമെന്ന് ഫുട്ബോൾ വിദഗ്ദ്ധർ

Gokul Manthara
Atletico de Madrid v Real Madrid - La Liga Santander
Atletico de Madrid v Real Madrid - La Liga Santander / Denis Doyle/Getty Images
facebooktwitterreddit

ലാലീഗയിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായ മാഡ്രിഡ് ഡെർബിയിൽ വിവാദങ്ങൾക്ക് പഞ്ഞമുണ്ടാകാറില്ല. ഇക്കുറിയും അക്കാര്യത്തിൽ പതിവ് തെറ്റിയില്ല. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡും, റയൽ മാഡ്രിഡും തമ്മിൽ നടന്ന മാഡ്രിഡ് ഡെർബിയും വിവാദ സംഭവങ്ങൾക്കൊന്നിന് വേദിയായി. മത്സരത്തിനിടെ ബോക്സിനുള്ളിൽ വെച്ച് അത്ലറ്റിക്കോ താരത്തിന്റെ കൈയ്യിൽ പന്ത് തട്ടിയിട്ടും റയൽ മാഡ്രിഡിന് അനുകൂലമായി പെനാൽറ്റി നൽകാ‌ൻ റഫറി തയ്യാറാകാതിരുന്നതാണ് ഇത്തവണത്തെ വിവാദത്തിന് കാരണം.

അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ നാൽപ്പതാം മിനുറ്റിലായിരുന്നു‌ സംഭവം. റയൽ നടത്തിയ മുന്നേറ്റത്തിന്റെ ഫലമായി അത്ലറ്റിക്കോ മാഡ്രിഡിന്റെ ബോക്സിലേക്ക് ക്രോസെത്തി. ഈ സമയം പന്ത് ക്ലിയർ ചെയ്തു കളയാൻ ചാടിയ അത്ലറ്റിക്കോ താരം ഫിലിപ്പിന്റെ കൈയ്യിൽ ബോൾ തട്ടി. റയൽ താരങ്ങൾ ഉടൻ തന്നെ പെനാൽറ്റിക്കായി അപ്പീൽ ചെയ്തു. തുടർന്ന് റഫറിയായിരുന്ന അലസാന്ദ്രോ ഹെർണാണ്ടസ് ഹെർണാണ്ടസ് അന്തിമ‌ തീരുമാനത്തിനായി വി എ‌ ആറിന്റെ സഹായം തേടി. എന്നാൽ വി എ ആർ മോണിറ്റർ പരിശോധിച്ചതിന് ശേഷം ഹെർണാണ്ടസ് അത് പെനാൽറ്റിയല്ലെന്ന് വിധിക്കുകയായിരുന്നു.

ബോക്സിനകത്ത് വെച്ച് എതിർ താരത്തിന്റെ കൈയ്യിൽ പന്ത് തട്ടിയിട്ടും തങ്ങൾക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കാതിരുന്നത് റയൽ ആരാധകരെ അസ്വസ്ഥരാക്കി. സമൂഹ മാധ്യമങ്ങളിലൂടെ റഫറിയുടെ തീരുമാനത്തിനെതിരെ അവർ രംഗത്തെത്തി‌. എന്നാൽ അത് ഒരു പെനാൽറ്റിയല്ലെന്നും റഫറി സ്വീകരിച്ചത് ശരിയായ തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി പിന്നാലെ ഫുട്ബോൾ വിദഗ്ദ്ധരും രംഗത്തെത്തി. സ്പാനിഷ് മാധ്യമായ മാർക്കയുടെ റഫറിയിംഗ് വിദഗ്ദ്ധനായ ജുവാൻ ആൻഡുജർ ഒളിവെറിന്റെ അഭിപ്രായത്തിൽ അത് ഒരിക്കലും ഒരു പെനാൽറ്റിയല്ല‌‌. മനപൂർവ്വമായിരുന്നില്ല ഫിലിപ്പിന്റെ ഹാൻഡ്ബോളെന്നും, അദ്ദേഹം പന്ത് കണ്ടതു പോലുമില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആ ഹാൻഡ് ബോളിന് പെനാൽറ്റി നൽകിയിരുന്നുവെങ്കിൽ അത് അനീതിയാകുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

അതേ സമയം മാഡ്രിഡ് ഡെർബി 1-1 എന്ന സ്കോറിൽ സമനിലയിൽ അവസാനിക്കുകയായിരുന്നു. പതിനഞ്ചാം മിനുറ്റിൽ സൂപ്പർ താരം ലൂയി സുവാരസി‌ന്റെ ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡ് മുന്നിലെത്തിയപ്പോൾ, എൺപത്തിയെട്ടാം മിനുറ്റിൽ ബെൻസിമയിലൂടെ തിരിച്ചടിച്ച റയൽ സമനില പിടിച്ചു വാങ്ങുകയായിരുന്നു.

facebooktwitterreddit