Football in Malayalam

ബയേൺ മ്യൂണിക്ക് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയാണെന്ന് ആർബി ലെപ്‌സിഗിന്റെ മുൻ പരിശീലകൻ

Sreejith N
Olympique Lyonnais v Bayern Munich - UEFA Champions League Semi Final
Olympique Lyonnais v Bayern Munich - UEFA Champions League Semi Final / Pool/Getty Images
facebooktwitterreddit

ബയേൺ മ്യൂണിക്കിന്റെ സൂപ്പർതാരമായ ജോഷ്വാ കിമ്മിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയാണെന്ന് ജർമൻ ക്ലബായ ആർബി ലെപ്‌സിഗിന്റെ മുൻ പരിശീലകൻ അക്കിം ബെർലോർസെർ. 2015ൽ ലെപ്‌സിഗ് മാനേജരായിരിക്കുമ്പോൾ കിമ്മിച്ചിനെ പരിശീലിപ്പിച്ചിട്ടുള്ള ബെർലോർസെർ ജർമൻ താരത്തിന്റെ മനോഭാവം അഞ്ചു തവണ ബാലൺ ഡി ഓർ നേടിയ റൊണാൾഡോയുടെതിനു സമാനമാണെന്നാണ് അഭിപ്രായപ്പെട്ടത്.

"സ്വയം വിമർശനം നടത്തുന്നവനും മറ്റുള്ളവരെ പരിഗണിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാൻ തയ്യാറാകാത്തവനുമാണ് മികച്ച കളിക്കാരനാവുന്നത്. റൊണാൾഡോയും കിമ്മിച്ചും മറ്റുള്ളവരുടെ മാതൃകാപാത്രങ്ങളാകുന്നത് അവർ ഒരിക്കലും സ്വയം തൃപ്തിപ്പെടാത്തതു കൊണ്ടും സ്വന്തം പ്രകടനം മികച്ചതാക്കാൻ എല്ലായ്‌പോഴും ശ്രമിക്കുന്നതും കൊണ്ടാണ്," ഗോളിന് നൽകിയ അഭിമുഖത്തിൽ ബെർലോർസെർ പറഞ്ഞു.

"കിമ്മിച്ചിനെ പറ്റി ആലോചിക്കുമ്പോൾ തന്നെ എനിക്കു സന്തോഷമാണ്. ഇത്രയധികം ഉയരങ്ങളിൽ എത്തിയിട്ടും ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് യാതൊരു മാറ്റവുമില്ല. ട്രെയിനിങ് മത്സരമടക്കം എല്ലാറ്റിലും കഠിനാധ്വാനം ചെയ്യുന്ന താരം അത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിരോധത്തിലും ആക്രമണത്തിലും ഒരേ പോലെ സംഭാവന നൽകാൻ കഴിയുന്ന താരമായ കിമ്മിച്ചിന് കളിക്കളത്തിൽ നിരവധി പൊസിഷനുകളിൽ ഇറങ്ങാനും തിളങ്ങാനും കഴിയും. ബയേണിനു വേണ്ടി മധ്യനിരയിലെ റൈറ്റ് ബാക്കായും കളിക്കുന്ന താരത്തിന്റെ ട്രാൻസ്‌ഫർ മൂല്യം 99 ദശലക്ഷം യൂറോയാണെന്നാണ് ട്രാൻസ്‌ഫർ മാർക്കറ്റിന്റെ കണക്കുകൾ പറയുന്നത്.

ബയേൺ ടീമിൽ ഏറ്റവും വിലപിടിപ്പുള്ള താരമായ കിമ്മിച്ച് ഇതുവരെ അഞ്ചു ബുണ്ടസ്ലിഗയും ഒരു ചാമ്പ്യൻസ് ലീഗും മൂന്നു ഡിഎഫ്‌ബി പൊകലും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ജർമൻ ദേശിയ ടീമിനൊപ്പം ഇതുവരെയും കിരീടം സ്വന്തമാക്കിയിട്ടില്ലാത്ത താരത്തിന് ഈ വർഷം യൂറോ കിരീടം നേടാനുള്ള സാധ്യതയുണ്ട്.

facebooktwitterreddit