Football in Malayalam

ലപോർട്ടയുടെ നിഷ്‌ക്രിയത്വമാണ് മെസിയെ നഷ്ടപ്പെടാൻ കാരണമായത്, വിമർശനവുമായി മുൻ ബാഴ്‌സ പ്രസിഡന്റ് ബാർട്ടോമൂ

Sreejith N
FC Barcelona Introduce New Player Pedro Gonzalez Lopez - 'Pedri'
FC Barcelona Introduce New Player Pedro Gonzalez Lopez - 'Pedri' / Quality Sport Images/Getty Images
facebooktwitterreddit

എഫ്‌സി ബാഴ്‌സലോണയുടെ നിലവിലെ പ്രസിഡന്റായ ജോൻ ലപോർട്ടക്കെഴുതിയ തുറന്ന കത്തിൽ നേതൃത്വത്തിന്റെ തീരുമാനങ്ങളെ വിമർശിച്ച് മുൻ പ്രസിഡന്റ് ജോസെപ് മരിയ ബർട്ടോമൂ. ക്ലബിന്റെ നിലവിലെ അവസ്ഥക്ക് താനല്ല കാരണമെന്ന് വ്യക്തമാക്കുന്ന അദ്ദേഹം, സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ലപോർട്ടയുടെ നിഷ്ക്രിയത്വം മെസിയെ നഷ്ടപ്പെടുന്നതിലേക്ക് എത്തിച്ചുവെന്ന് കുറ്റപ്പെടുത്തി.

ബാഴ്‌സ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി വെക്കാൻ നിർബന്ധിതനായ താൻ തുടർന്നിരുന്നുവെങ്കിൽ നടപ്പിൽ വരുത്തുമായിരുന്ന സാമ്പത്തിക നയങ്ങൾ നിലവിലെ കോവിഡ് പ്രതിസന്ധിയെ ലഘൂകരിക്കുമായിരുന്നു എന്നാണു ബാർട്ടോമൂ വിശ്വസിക്കുന്നത്. മറ്റുള്ളവർക്കു നേരെ വിരൽ ചൂണ്ടുന്നതിനു മുൻപ് തന്റെ പ്രവർത്തനങ്ങൾ ലപോർട്ട പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

2021 മാർച്ച് 21നു തിരഞ്ഞെടുപ്പു നടന്നതിനൊപ്പം തനിക്ക് കീഴിൽ ഉണ്ടായിരുന്ന ബോർഡ് നേതൃത്വം അക്കൗണ്ടുകൾ കൃത്യമാക്കി, വരാനിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ നേരിടുന്നതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയെന്ന് ബാർട്ടോമൂ പറയുന്നു. കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിക്കു മാത്രമാണ് തങ്ങൾ ഉത്തരവാദികളെന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി നിലവിലെ ബോർഡ് യാതൊരു നടപടിയും സ്വീകരിക്കാത്തത് തന്റെ പ്രശ്‌നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ തുടക്കം കുറിക്കുകയും നിലവിലെ ബാഴ്‌സ നേതൃത്വം ഉപേക്ഷിക്കുകയും ചെയ്‌ത ബാഴ്‌സലോണ കോർപ്പറേറ്റ് പദ്ധതിയെക്കുറിച്ചും ബാർട്ടോമൂ പറഞ്ഞു. ആ പദ്ധതി അംഗീകരിച്ചിരുന്നു എങ്കിൽ 220 മില്യൺ യൂറോ ക്ലബ്ബിലേക്ക് വരുമായിരുന്നു എന്നും 2020-21ൽ അത് 375 മില്യൺ യൂറോ വരെ ആകുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. അതിനൊപ്പം ക്ലബിലെ താരങ്ങളുടെ പ്രതിഫലം ഇരുപതു ശതമാനം കുറക്കുന്നതു വഴി ലഭിക്കുന്ന 90 മില്യൺ യൂറോയും ചേർത്താൽ ലാ ലീഗ നിർദ്ദേശിച്ച സാലറി ക്യാപ് പ്രകാരം താരങ്ങളെ രജിസ്റ്റർ ചെയ്യാൻ തടസം ഉണ്ടാകില്ലെന്നും ബാർട്ടോമൂ വെളിപ്പെടുത്തുന്നു.

ഇതിനു പുറമെ നെയ്‌മർക്ക് ഈ സമ്മറിൽ ലപോർട്ട പണം നല്കിയതിനെ കുറ്റപ്പെടുത്തിയ ബാർട്ടോമൂ ആ തുക നെയ്‌മർക്ക് ബാഴ്‌സ നൽകാനുള്ളതല്ലെന്ന് വ്യക്തമാക്കി. ബാർട്ടമോവിന്റെ പ്രതികരണത്തിന് ലപോർട്ട മറുപടി ഉറപ്പായും നൽകുമെന്നിരിക്കെ ബാഴ്‌സലോണയുടെ പ്രതിസന്ധി പോലെ വാക്ക്പോരും തുടർന്നു പോകാനാണ് സാധ്യത.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit