ബാഴ്സലോണ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കും, എംബാപ്പെ ക്ലബിൽ എത്താതിരുന്നതിന്റെ കാരണം പറഞ്ഞ് ബാർട്ടമോ


കെയ്ലിയൻ എംബാപ്പയെ സ്വന്തമാക്കാനുള്ള അവസരം ബാഴ്സലോണക്ക് ഉണ്ടായിരുന്നെങ്കിലും പരിശീലകർക്കു താൽപര്യം ഒസ്മാനെ ഡെംബലെയിൽ ആയിരുന്നുവെന്ന് ക്ലബിന്റെ മുൻ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടമോ. കഴിഞ്ഞ ദിവസം ഇസ്പോർട്3യോട് സംസാരിക്കുമ്പോഴാണ് ബാഴ്സയിലെ തന്റെ നാളുകളെക്കുറിച്ച് ബാർട്ടമോ സംസാരിച്ചത്. ലിവർപൂളുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ തോൽവിക്കു ശേഷം ടീമിനെ അഴിച്ചു പണിയാതിരുന്നതിൽ നിരാശ വെളിപ്പെടുത്തിയ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്നും വ്യക്തമാക്കി.
"ലിവർപൂളിനെതിരായ തോൽവിക്കു ശേഷം അതു വിശകലനം ചെയ്യാതിരുന്നത് വലിയൊരു പിഴവായിരുന്നു. ഞങ്ങൾ ഒരു തലമുറമാറ്റം തന്നെ വരുത്തണമായിരുന്നു. ഞാൻ താരങ്ങൾ പറയുന്നത് കേട്ടു, അതു തെറ്റായിരുന്നു. ഞങ്ങൾ സാമ്പത്തികമായി പുറകോട്ടു പോവുകയും അതിനു പിന്നാലെ കോവിഡ് മഹാമാരി പിടികൂടുകയും ചെയ്തു."
Barcelona chose Ousmane Dembele OVER Kylian Mbappe back in 2017, reveals former president Bartomeu https://t.co/docTi2ahQc
— MailOnline Sport (@MailSport) October 19, 2021
"എംബാപ്പയെ സ്വന്തമാക്കാനുള്ള സാധ്യതകൾ ഞങ്ങൾക്കു മുന്നിൽ ഉണ്ടായിരുന്നു. എന്നാൽ പരിശീലകർക്ക് മൈതാനത്ത് കൂടുതൽ അവസരങ്ങൾ തുറന്നെടുക്കാൻ കഴിയുന്ന ഡെംബലെയിൽ ആയിരുന്നു താൽപര്യം. ഞങ്ങൾ സ്വന്തമാക്കിയ താരങ്ങളിൽ ചിലർ പ്രതീക്ഷ നിറവേറ്റിയില്ല. ചില താരങ്ങൾക്ക് വളരെയധികം പണം ചിലവാക്കിയിരുന്നു, അതു ഫുട്ബോളിൽ സംഭവിക്കുന്നതാണ്. ഈ രണ്ടു താരങ്ങളെയും (ഡെംബലെ, കുട്ടീന്യോ) സ്വന്തമാക്കിയപ്പോൾ എല്ലാവരും അഭിനന്ദിക്കുകയാണു ചെയ്തത്."
"ഇനിയേസ്റ്റ പോയപ്പോഴാണ് കുട്ടീന്യോ വന്നത്. അദ്ദേഹം പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായിരുന്നു. ഡെംബലെ നെയ്മർ പോയപ്പോഴും ടീമിലെത്തി. അന്റോയിൻ ഗ്രീസ്മാന്റെ കാര്യത്തിൽ പരിശീലകർ ഒരു വർഷത്തോളമാണ് അദ്ദേഹത്തെ ആവശ്യപ്പെട്ടത്. ലൂയിസ് സുവാരസിനു നിരന്തരം പരിക്കു പറ്റിയപ്പോൾ അദ്ദേഹത്തെ ടീമിലെത്തിക്കേണ്ടത് ആവശ്യമാണെന്ന് അവർ ചിന്തിച്ചു. വ്യത്യസ്തനായ മുന്നേറ്റനിര താരവും ഗ്ലോബൽ സ്റ്റാറും ടീം പ്ലെയറുമായിരുന്നു അദ്ദേഹം."
"ഞാൻ ഇലക്ഷന് വീണ്ടും മത്സരിക്കും. ലപോർട്ട, റസൽ എന്നിവർക്കൊപ്പവും പ്രസിഡന്റായും പന്ത്രണ്ടു വർഷമാണ് ഞാൻ ക്ലബിനൊപ്പം ഉണ്ടായിരുന്നത്. ഒരു ക്യൂൾ എന്ന നിലയിൽ അത് വിലമതിക്കപ്പെടേണ്ട കാര്യമാണ്. എന്നാൽ കോവിഡ് ആണതിനെ മാറ്റിയത്. അതിനു ശേഷമത് വിഷം കലർന്ന പാത്രമായി മാറി," ബാർട്ടമോ വ്യക്തമാക്കി.