മെസിയെ ഒഴിവാക്കിയത് മോശം തീരുമാനം, ബാഴ്സലോണ നേതൃത്വത്തെ വിമർശിച്ച് മുൻ പ്രസിഡന്റ് ബാർട്ടമൂ


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസിയെ ക്ലബ് വിടാൻ അനുവദിച്ചതൊരു മോശം തീരുമാനം ആയിരുന്നുവെന്ന് മുൻ പ്രസിഡന്റായ ജോസെപ് മരിയ ബർട്ടമൂ. സാമ്പത്തിക പ്രതിസന്ധി മൂലം മെസിക്ക് പുതിയ കരാർ നൽകാൻ കഴിയാത്തതിനെ തുടർന്നാണ് ഫ്രീ ഏജന്റായ താരത്തെ ബാഴ്സലോണക്ക് വിട്ടു കൊടുക്കേണ്ടി വന്നത്. താരം പിന്നീട് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലേക്ക് ചേക്കേറുകയും ചെയ്തു.
"അവർ മെസിയെ പോകാൻ അനുവദിച്ചു, അതൊരു മോശം തീരുമാനം ആയിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. മെസിയില്ലാതെ കളിക്കുമ്പോൾ ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഒരു പ്രസിഡന്റ് എന്ന നിലയിൽ മെസി ക്ലബ് വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അതിനു വേണ്ടി സാധ്യമായ കാര്യങ്ങളെല്ലാം ഞാൻ ചെയ്യുമായിരുന്നു," ബാർട്ടമൂ സ്പെയിനിലെ വിവിധ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.
Josep Maria Bartomeu in SPORT: It was a bad decision to let Messi leave https://t.co/XYoDxdCkDW
— SPORT English (@Sport_EN) October 15, 2021
താൻ പ്രസിഡന്റായിരിക്കുമ്പോൾ വളരെയധികം സാമ്പത്തിക ക്രമക്കേടുകൾ നടന്നു എന്ന വിമർശനങ്ങളെ ബാർട്ടമോ തള്ളുകളും ചെയ്തു. "എനിക്കു പേടിയില്ല, ഞങ്ങളുടെ ബോർഡിൽ നിന്നും ഒരാളും അതിൽ കൈവെച്ചിട്ടില്ല, അത് മറച്ചു വെക്കാനും കഴിയില്ല. ഓഡിറ്റിങ്ങിലോ മറ്റു കാര്യങ്ങളിലോ ഒന്നും പുറത്തു വന്നിട്ടില്ല, അവർക്ക് ആഗ്രഹമുള്ളതെല്ലാം ചെയ്യാൻ കഴിയുമല്ലോ," ബാർട്ടമൂ പറഞ്ഞു.
ടീം മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും ബാഴ്സലോണ പരിശീലകനായ റൊണാൾഡ് കൂമാന് ബാർട്ടമൂ പിന്തുണ നൽകി. ടീമിനെ മികച്ചതാക്കി മാറ്റിയെടുക്കാൻ അദ്ദേഹം തയ്യാറാണെന്നും ലോകത്തിലെ ഏറ്റവും മികച്ച താരമില്ലാതെ ഒരു ടീമിനെ ഒരുക്കി എടുക്കാൻ സമയം ആവശ്യമാണെന്നും പറഞ്ഞ അദ്ദേഹം കഴിവുള്ള നിരവധി താരങ്ങൾ ടീമിൽ ഇപ്പോഴുമുണ്ടെന്നും വ്യക്തമാക്കി.