Football in Malayalam

പിഎസ്‌ജിയും റയൽ മാഡ്രിഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം ഇഷ്‌ടമായില്ലെന്ന് മൗറീന്യോ

Sreejith N
US Sassuolo v AS Roma - Serie A
US Sassuolo v AS Roma - Serie A / Alessandro Sabattini/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിയും റയൽ മാഡ്രിഡും തമ്മിൽ നടന്ന പ്രീ ക്വാർട്ടർ മത്സരം തനിക്ക് ഇഷ്‌ടമായില്ലെന്ന് മുൻ റയൽ മാഡ്രിഡ് പരിശീലകനും നിലവിൽ റോമ മാനേജറുമായ ഹോസെ മൗറീന്യോ. അതേസമയും ഇന്റർ മിലാനും ലിവർപൂളും തമ്മിൽ അതിന്റെ പിറ്റേന്നു നടന്ന പ്രീ ക്വാർട്ടർ പോരാട്ടം മികച്ച മത്സരമായിരുന്നു എന്നും പോർച്ചുഗീസ് പരിശീലകൻ പറഞ്ഞു.

ഈ സീസണിൽ യുവേഫ കോൺഫറൻസ് ലീഗിൽ കളിക്കുന്ന റോമ ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ്. എന്നാൽ അതിനുള്ള സാധ്യതകൾ കുറവാണെന്നിരിക്കെ അതാലോചിച്ച് തനിക്ക് യാതൊരു വേദനയുമില്ലെന്നു പറഞ്ഞ മൗറീന്യോ അതിനൊപ്പമാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെക്കുറിച്ച് സംസാരിച്ചത്.

"നൂറ്റിയമ്പതോളം ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ടീമിനെ നയിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. യൂറോപ്പ ലീഗിലോ കോൺഫറൻസ് ലീഗിലോ കളിക്കുന്നു എന്നു പറഞ്ഞ് കരയാൻ എനിക്കു കഴിയില്ല. എന്നെ ഗതകാലസ്‌മരണകൾ അലട്ടുന്നുമില്ല." സീരി എ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ മൗറീന്യോ പറഞ്ഞു.

"വലിയ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും എനിക്ക് കാണാൻ കഴിയുന്നില്ല. പിഎസ്‌ജിയും റയൽ മാഡ്രിഡും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം എനിക്കിഷ്‌ടമായില്ല. അതേസമയം ഇന്റർ മിലാനും ലിവർപൂളും തമ്മിലുണ്ടായ മത്സരം മികച്ചതായിരുന്നു." മൗറീന്യോ വ്യക്തമാക്കി.

യുവേഫ കോൺഫറൻസ് ലീഗിന്റെ അവസാന പതിനാറിൽ ഇടം നേടിയ മൗറീന്യോയുടെ റോമ സീരി എയിൽ ഏഴാം സ്ഥാനത്താണ്. നാലാം സ്ഥാനക്കാരായ യുവന്റസിനെക്കാൾ ഒരു മത്സരം കുറവു കളിച്ച് ഏഴു പോയിന്റ് വ്യത്യാസത്തിൽ നിൽക്കുന്ന അവർക്ക് ടോപ് ഫോറിനായി പൊരുതാൻ കഴിയുമെങ്കിലും വലിയ വെല്ലുവിളി മറ്റു ടീമുകളിൽ നിന്നും നേരിടേണ്ടി വരും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit