Football in Malayalam

ക്ലബുമായി വൈകാരികമായ ബന്ധമുണ്ടെങ്കിലും ന്യൂകാസിൽ യുണൈറ്റഡ് പരിശീലകനാവാനുള്ള സാധ്യതകൾ തള്ളി മൗറീന്യോ

Sreejith N
SS Lazio v AS Roma - Serie A
SS Lazio v AS Roma - Serie A / Silvia Lore/GettyImages
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതു മുതൽ ക്ലബിന്റെ പരിശീലകമാറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിലെ പരിശീലകനായ സ്റ്റീവ് ബ്രൂസിനെ ആയിരം കളികൾ പൂർത്തിയാക്കാൻ ടോട്ടനത്തിനെതിരായ മത്സരത്തോടെ അനുവദിച്ചെങ്കിലും എങ്കിലും അതിൽ തോൽവി നേരിട്ടതോടെ അദ്ദേഹം പുറത്താക്കപ്പെടാനുള്ള സാധ്യത വീണ്ടും വർധിച്ചിട്ടുണ്ട്.

ന്യൂകാസിൽ യുണൈറ്റഡിന്റെ മാനേജർ സ്ഥാനത്തേക്ക് നിരവധി പ്രധാന പരിശീലകരുടെ പേരുകൾ ഉയരുമ്പോൾ അതിലൊരാളായി നിലവിലെ റോമ പരിശീലകനായ ഹോസെ മൗറീന്യോയുമുണ്ട്. എന്നാൽ ക്ലബിന്റെ ഐക്കണുകളിൽ ഒരാളായ സർ ബോബി റോബ്‌സണിനു കീഴിൽ ബാഴ്‌സലോണയിൽ സഹപരിശീലകനായി ജോലി ചെയ്‌തതിനാൽ ന്യൂകാസിലിനോട് വൈകാരികമായ ബന്ധം ഉണ്ടെങ്കിലും മാനേജരാവുന്നതിനെ കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്നാണ് മൗറീന്യോ പറയുന്നത്.

"ന്യൂകാസിലുമായി ബന്ധപ്പെട്ട് എനിക്കൊന്നും തന്നെ പറയാനില്ല, തീർച്ചയായും എനിക്കൊന്നും പറയാനില്ല. എനിക്കു പറയാനുള്ള ഒരേയൊരു കാര്യം നിരവധി വർഷങ്ങൾ ഞാനാ ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട ബിംബമായ സർ ബോബി റോബ്‌സണുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടെനിക്ക് ആ നഗരത്തോടും ആരാധകക്കൂട്ടത്തോടും ഒരു വൈകാരികബന്ധമുണ്ടെങ്കിലും അതിൽ കൂടുതലായി യാതൊന്നുമില്ല."

"ഞാൻ റോമയിലാണുള്ളത്, ഇവിടെ ഞാൻ വളരെയധികം സന്തോഷവാനാണ്. ഞാൻ നൂറു ശതമാനം റോമ പ്രൊജക്റ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു." യുവന്റസുമായി നടന്ന ഇറ്റാലിയൻ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മൗറീന്യോ പറഞ്ഞു.

യുവന്റസുമായി നടന്ന സീരി എ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റെങ്കിലും സീരി എ പോയിന്റ് ടേബിളിൽ റോമ യുവന്റസിനു മുന്നിൽ നാലാം സ്ഥാനത്താണ്. ഇന്റർ മിലാനെ ട്രെബിൾ നേട്ടത്തിലേക്ക് നയിച്ച ചരിത്രമുള്ള പോർച്ചുഗീസ് പരിശീലകൻ റോമക്കും കിരീടനേട്ടം സ്വന്തമാക്കി നൽകുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

facebooktwitterreddit