Football in Malayalam

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനു മുൻപേ മൗറീന്യോയെ പരിശീലകനായി നിയമിക്കാനുള്ള നീക്കങ്ങളുമായി നൈജീരിയ

Sreejith N
AS Roma v FC Internazionale - Serie A
AS Roma v FC Internazionale - Serie A / Silvia Lore/GettyImages
facebooktwitterreddit

ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനായി ചുമതല ഏറ്റെടുത്ത് വെറും ആറു മാസം മാത്രം പിന്നിട്ടപ്പോഴേക്കും മൗറീന്യോയെ കാത്ത് പുതിയ ജോലിക്കുള്ള ഓഫർ. വിവിധ റിപ്പോർട്ടുകൾ പ്രകാരം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനു മുന്നോടിയായി നൈജീരിയൻ ദേശീയ ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കാനുള്ള ക്ഷണമാണ് പോർച്ചുഗീസ് പരിശീലകനു ലഭിച്ചിരിക്കുന്നത്.

നേരത്തെ പരിശീലകനായിരുന്ന ജേർനോട് റോറുമായി വഴി പിരിഞ്ഞതിനു പിന്നാലെയാണ് മൗറീന്യോയെ എത്തിക്കാനുള്ള ശ്രമങ്ങൾ സൂപ്പർ ഈഗിൾസ് ആരംഭിച്ചത്. കിരീടങ്ങൾ നേടാൻ കഴിവുള്ള ഒരു പരിശീലകനാവണം നൈജീരിയയെ നയിക്കാനെന്ന പ്രസിഡന്റ് അമാജു പിന്നിക്കിന്റെ ആഗ്രഹമാണ് യൂറോപ്യൻ ഫുട്ബോളിൽ മികച്ച റെക്കോർഡുള്ള മൗറിന്യോയിലേക്ക് അവരെ എത്തിച്ചത്.

മൗറീന്യോയുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തിയ കാര്യം പിന്നിക്ക് വെളുപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ നൈജീരിയൻ മാധ്യമമായ ഡെയിലി ട്രസ്റ്റിൽ കഴിഞ്ഞ ദിവസം വന്നിരുന്നു. വളരെ അച്ചടക്കത്തോടെ ടീമിനെ കൊണ്ടു പോവുകയും അതിനൊപ്പം കിരീടങ്ങൾ നേടാനുള്ള ആഗ്രഹം താരങ്ങളിൽ ഉണ്ടാക്കുകയും ചെയ്യുന്ന പരിശീലകനെയാണ് അവർക്ക് വേണ്ടതെന്നും മൗറീന്യോയുമായി സ്പോർട്സ് മിനിസ്റ്റർ അടക്കമുള്ളവർ ചർച്ചകൾ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മൂന്നു വർഷത്തെ കരാറിലാണ് മൗറീന്യോ റോമയിൽ എത്തിയത്. സീസൺ പകുതി പിന്നിടുമ്പോൾ ഭേദപ്പെട്ട പ്രകടനം നടത്തുന്ന റോമ സീരി എ ടേബിൾ ടോപ്പേഴ്‌സായ ഇന്റർ മിലാനുമായി പതിനാലു പോയിന്റിന്റെ വ്യത്യാസത്തിൽ ആറാം സ്ഥാനത്താണ് നിൽക്കുന്നത്. ഒരു വിന്നിങ് പ്രോജക്റ്റ് ഉണ്ടാക്കുന്നതിനായി റോമയിൽ എത്തിയ മൗറീന്യോ ടീമിന്റെ നിലവിലെ പ്രകടനം കണക്കാക്കുമ്പോൾ ഇറ്റലി വിടാനുള്ള സാധ്യത കുറവാണ്.

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ജനുവരിയുടെ തുടക്കത്തിൽ തന്നെ ആരംഭിക്കുമെന്നതും മൗറീന്യോ നൈജീരിയയുടെ ഓഫർ തള്ളിക്കളയാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതേസമയം ഭാവിയിൽ പോർച്ചുഗീസ് പരിശീലകനെ നൈജീരിയൻ ടീമിൽ എത്തിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit