ഹോസെ മൗറീന്യോയുടെ കരിയറിലെ ഏറ്റവും വലിയ പരാജയം; എഎസ് റോമയെ തകർത്ത് നോർവീജിയൻ ക്ലബായ എഫ്‌കെ ബോഡോ/ഗ്ലിമ്റ്റ്

Ali Shibil Roshan
Jose Mourinho's AS Roma suffered a heavy defeat
Jose Mourinho's AS Roma suffered a heavy defeat / Silvia Lore/GettyImages
facebooktwitterreddit

യുവേഫ യൂറോപ്യൻ കോൺഫറൻസ് ലീഗിൽ ഹോസെ മൗറീന്യോയുടെ എഎസ് റോമയെ 6-1ന് തകർത്തെറിഞ്ഞ് നോർവീജിയൻ ക്ലബായ എഫ്‌കെ ബോഡോ/ഗ്ലിമ്റ്റ്. ഫുട്ബോൾ ലോകത്തെ ഏറ്റവും വിഖ്യാത പരിശീലകരിൽ ഒരാളായ മൗറീന്യോയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമാണിത്.

എഫ്‌കെ ബോഡോ/ഗ്ലിമ്റ്റിനെതിരെ ടീമിലെ പല സുപ്രധാന താരങ്ങളെയും ബെഞ്ചിൽ ഇരുത്താനുള്ള മൗറീന്യോയുടെ തീരുമാനം തിരിച്ചടിക്കുന്ന കാഴ്ചയാണ് ഫുട്ബോൾ ലോകം കണ്ടത്.

മത്സരത്തിന്റെ എട്ടാം മിനുറ്റിൽ എറിക് ബൊതെയിമിലൂടെ ആദ്യ ഗോൾ നേടിയ നോർവീജിയൻ ക്ലബ്, 20ആം മിനുറ്റിൽ പാട്രിക് ബെർഗിലൂടെ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി.

28ആം മിനുറ്റിൽ കാർലെസ് പെരെസ് നേടിയ ഗോളിലൂടെ റോമ എതിരാളികളുടെ ലീഡ് കുറച്ചെങ്കിലും, രണ്ടാം പകുതിയിൽ നാല് ഗോളുകൾ നേടി കൂടി ഇറ്റാലിയൻ ക്ലബ്ബിനെ തകർത്തെറിയുകയായിരുന്നു ബോഡോ/ഗ്ലിമ്റ്റ്.

52ആം മിനുറ്റിൽ ബോതെയിമിലൂടെ തങ്ങളുടെ ലീഡ് വീണ്ടും രണ്ടാക്കിയുയർത്തിയ ബോഡോ/ഗ്ലിമ്റ്റ്, 71, 78, 80 മിനുറ്റുകളിൽ നേടിയ ഗോളുകളിലൂടെയാണ് റോമക്ക് വമ്പൻ പരാജയം സമ്മാനിച്ചത്.

മൗറീന്യോടെ കരിയറിൽ ഇതാദ്യമായാണ് അദ്ദേഹം പരിശീലിപ്പിക്കുന്ന ക്ലബ് ഒരു മത്സരത്തിൽ 6 ഗോളുകൾ വഴങ്ങുന്നത്. 2010 നവംബറിൽ ബാഴ്‌സലോണ റയൽ മാഡ്രിഡിനെ 5-0ന് തകർത്തതായിരുന്നു ഇതിന് മുൻപ് മൗറീന്യോയുടെ കരിയറിലെ ഏറ്റവും വലിയ പരാജയം.


facebooktwitterreddit