Tottenham Hotspur News

ഹോസെ മൗറീന്യോയെ ടോട്ടൻഹാം ഹോട്സ്പർ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കി

Sreejith N
Everton v Tottenham Hotspur - Premier League
Everton v Tottenham Hotspur - Premier League / Clive Brunskill/Getty Images
facebooktwitterreddit

യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ പരിശീലകനായ ഹോസെ മൗറീന്യോയെ ടോട്ടനം ഹോട്സ്‌പർ പുറത്താക്കി. മൗറീസിയോ പൊചട്ടിനോയെ പുറത്താക്കിയതിനു പിന്നാലെ 2019 നവംബറിൽ ടോട്ടനത്തിന്റെ പരിശീലകനായി എത്തിയ മൗറീന്യോക്ക് 2023 വരെ കരാർ ബാക്കി നിൽക്കെയാണ് ടോട്ടനം ഒഴിവാക്കുന്നത്.

മൗറീന്യോക്ക് പുറമെ അദ്ദേഹത്തിന്റെ കോച്ചിങ് സ്റ്റാഫുകളായ സാക്രമെന്റോ, ന്യൂനോ സാന്റോസ്, കാർലോസ് ലാലിൻ, ജിയോവാനി സെറ എന്നിവരെയും ടോട്ടനം ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്തു നിൽക്കുന്ന ടോട്ടനത്തിനു ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധ്യത കുറഞ്ഞതും കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനവുമാണ് മൗറീന്യോയെ പുറത്താക്കാൻ കാരണമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ എവർട്ടണുമായി 2-2ന്റെ സമനില വഴങ്ങിയ ടോട്ടനം ലീഗ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ആറു ദിവസം മാത്രം ബാക്കി നിൽക്കെയാണ് മൗറീന്യോയെ പുറത്താക്കാൻ ടോട്ടനം തീരുമാനിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

മൗറീന്യോ ടോട്ടത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ പതിനാലാം സ്ഥാനത്തായിരുന്നു ക്ലബ്. അതിനു ശേഷം ക്ലബ്ബിനെ ആറാം സ്ഥാനത്തെത്തിച്ച് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എന്നാൽ ടോട്ടനത്തിന്റെ കിരീട വരൾച്ചക്ക് അറുതി വരുത്താൻ പോർച്ചുഗീസ് പരിശീലകനായില്ല.

മൗറീന്യോക്ക് പകരം ഇരുപത്തിയൊൻപതു വയസു മാത്രമുള്ള റയാൻ മേസൺ ടീമിന്റെ പരിശീലനം നയിക്കുമെന്നും ടോട്ടനം സ്ഥിരീകരിച്ചിട്ടുണ്ട്. ടോട്ടനം ഹോട്സ്‌പർ യൂത്ത് ടീമിലൂടെ ഉയർന്നു വന്ന മേസൺ 2017 ജനുവരിയിലേറ്റ ഒരു പരിക്കിനെ തുടർന്ന് കളിക്കളം വിടാൻ നിർബന്ധിതനായ താരമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit