മെസി പിഎസ്ജിയിൽ ചേർന്നതിന് പിന്നാലെ, റൊണാൾഡോയോട് ലില്ലെയിൽ ചേരാൻ ആവശ്യപ്പെടുന്നുണ്ടെന്ന് വെളിപ്പെടുത്തി ഫോണ്ടെ

ബാഴ്സലോണ വിട്ട ലയണൽ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ ചേർന്നതിന് പിന്നാലെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ഫ്രാൻസിലെ പിഎസ്ജിയുടെ പ്രധാന എതിരാളികളായ ലില്ലെയുമായി കരാറിൽ ഒപ്പിടാൻ ആവശ്യപ്പെട്ട് അവരുടെ നായകനും, പോർച്ചുഗീസ് ദേശിയ ടീംസഹതാരവുമായ ജോസ് ഫോണ്ടെ. കഴിഞ്ഞ ദിവസം ടോക്സ്പോർട്ടിനോട് സംസാരിക്കവെയായിരുന്നു ലില്ലെയിലേക്ക് വരണമെന്നും, പിഎസ്ജിയെ തോൽപ്പിക്കുന്നതിൽ തങ്ങളെ സഹായിക്കണമെന്നും ചൂണ്ടിക്കാട്ടി റൊണാൾഡോക്ക് തമാശ രീതിയിൽ സന്ദേശമയച്ച കാര്യം ഫോണ്ടെ വെളിപ്പെടുത്തിയത്.
മെസി പിഎസ്ജിയിലെത്തിയത് ആവേശകരമായ കാര്യമാണെന്നും, ഇതോടെ തങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ കഠിനമാകുമെന്നും ചൂണ്ടിക്കാട്ടിയ ഫോണ്ടെ, തങ്ങൾ ഒരു വെല്ലുവിളിക്ക് തയ്യാറെടുക്കുകയാണെന്നും വ്യക്തമാക്കി. ഇതിനൊപ്പമായിരുന്നു ലില്ലെയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് താൻ റൊണാൾഡോക്ക് എല്ലാ ദിവസവും സന്ദേശം അയക്കുന്നതായും, എന്നാൽ ഈ സന്ദേശത്തിന് അദ്ദേഹം ഹഹഹ എന്ന് മറുപടി നൽകിയതായും ഫോണ്ടെ കൂട്ടിച്ചേർത്തു.
മെസി കൂടിയെത്തിയതോടെ അതിശക്തരായ പിഎസ്ജിക്കെതിരെ ഈ വർഷം കളിക്കുന്നത് കുറച്ച് കൂടി ബുദ്ധിമുട്ടായിരിക്കുമെന്ന് തുറന്ന് സമ്മതിക്കുന്ന ഫോണ്ടെ, മെസി, നെയ്മർ, എംബാപ്പെ എന്നീ താരങ്ങൾക്കെതിരെ തങ്ങൾ ക്ലീൻ ഷീറ്റ് നേടുന്നത് ഒന്നു സങ്കൽപ്പിച്ച് നോക്കാനും സംസാരത്തിനിടെ ആവശ്യപ്പെട്ടു.
Cristiano Ronaldo to Lille and Lionel Messi to PSG. Imagine...https://t.co/ssZJGxLwJ1
— talkSPORT (@talkSPORT) August 10, 2021
ഫ്രഞ്ച് ഫുട്ബോളിന് മെസിയുടെ വരവ് നല്ലതാണെന്ന് സമ്മതിക്കുന്ന ഫോണ്ടെ പക്ഷേ പിഎസ്ജിക്ക് ട്രാൻസ്ഫർ ജാലകത്തിൽ എങ്ങനെ ഇത്രയും പണം ചിലവഴിക്കാൻ കഴിയുന്നു എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നു. ക്ലബ്ബുകളെല്ലാം അവരുടെ ചിലവുകൾ നിയന്ത്രിച്ചു നിർത്തുകയാണെന്നും നിരവധി കളിക്കാരെ വാങ്ങാനും, വലിയ വേതനം അവർക്ക് നൽകാനും ക്ലബ്ബുകൾക്ക് കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ഫോണ്ടെ പിഎസ്ജിക്ക് പക്ഷേ ഒരു തരത്തിലുള്ള നിയമവും ബാധകമല്ലെന്ന് തോന്നുന്നതായും കൂട്ടിച്ചേർത്തു.
അതേ സമയം, 2020-21 സീസണിൽ പിഎസ്ജിയേക്കാൾ ഒരു പോയിന്റ് ലീഡുമായി ലീഗ് വൺ കിരീടം സ്വന്തമാക്കിയ ലില്ലെ ഇക്കുറിയും രണ്ടും കൽപ്പിച്ച് തന്നെയാണ് പുതിയ സീസണിനെത്തുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.