മെസിക്കും, സലാക്കുമല്ല; ബാലൺ ഡി ഓറിനായി താൻ വോട്ട് ചെയ്യുക ആർക്കായിരിക്കുമെന്ന് വെളിപ്പെടുത്തി ജോർജീന്യോ

By Gokul Manthara
FBL-EUR-C1-CHELSEA-KRASNODAR
FBL-EUR-C1-CHELSEA-KRASNODAR / BEN STANSALL/GettyImages
facebooktwitterreddit

ബാലൺ ഡി ഓർ പുരസ്കാരത്തിന് തനിക്ക് വേണ്ടിത്തന്നെ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആ വോട്ട് താൻ നൽകുക മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡി ബ്രൂയിനായിരിക്കുമെന്ന് വ്യക്തമാക്കി ജോർജീന്യോ. കഴിഞ്ഞ ദിവസം ഇഎസ്പിഎൻ ബ്രസീലിനോട് സംസാരിക്കവെയായിരുന്നു ബാലൺ ഡി ഓർ വിജയിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിംഗിന് അവസരം ലഭിച്ചാൽ മെസിയേയും, സലയേയും മറികടന്ന് ഡിബ്രൂയിന് താൻ ആ വോട്ട് നൽകുമെന്ന് ജോർജീന്യോ വെളിപ്പെടുത്തിയത്.

വോട്ട് ചെയ്യാൻ അവസരം ലഭിച്ചാൽ താൻ തനിക്ക് തന്നെ അത് ചെയ്യുമെന്നും, അങ്ങനെ ഒരു വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും തമാശരൂപേണ പറഞ്ഞ ജോർജീന്യോ, ഡി ബ്രൂയിൻ എന്തു കൊണ്ടാണ് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം അർഹിക്കുന്നത് എന്ന കാര്യത്തിലും മനസ് തുറന്നു.

"എനിക്ക് ഞാൻ വോട്ടു ചെയ്തില്ലെങ്കിൽ വേറെ ആരു ചെയ്യും? എനിക്ക് ഒരു വോട്ടെങ്കിലും വേണം! തമാശയാണ്. സമീപവർഷങ്ങളിൽ കാണിക്കുന്ന മനോഹര ഫുട്ബോളിന് കെവിൻ ഡിബ്രൂയിന് ഞാൻ വോട്ടു നൽകുമെന്ന് കരുതുന്നു."

"ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർക്ക്, അവൻ കളിക്കുന്നത് കാണുന്നത് ഏറെ സന്തോഷകരമാണ്. ശരാശരിക്കും മുകളിൽ ബുദ്ധിശക്തിയുള്ള ഒരു കളികാരനാണ് അദ്ദേഹം," ജോർജീന്യോ പറഞ്ഞു.

അതേ സമയം ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം നേടാൻ ഏറ്റവുമധികം സാധ്യതകൾ കൽപ്പിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് ജോർജീന്യോ. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗിലും, ഇറ്റലിക്കൊപ്പം ഈ വർഷത്തെ യൂറോ കപ്പിലും മുത്തമിട്ട ജോർജീന്യോ, ഈ രണ്ട് കിരീട നേട്ടങ്ങളിലും തന്റെ ടീമിനായി നിർണായക പ്രകടനം പുറത്തെടുത്തിരുന്നു.


facebooktwitterreddit