Football in Malayalam

"ബ്രസീലിനു വേണ്ടി കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു"- ബാലൺ ഡി ഓർ സാധ്യതകളെക്കുറിച്ചും ജോർജിന്യോ

Sreejith N
Italy v England - UEFA Euro 2020: Final
Italy v England - UEFA Euro 2020: Final / Claudio Villa/Getty Images
facebooktwitterreddit

കോപ്പ അമേരിക്ക, യൂറോ കപ്പ് എന്നീ ടൂർണമെന്റുകൾ പൂർത്തിയായതോടെ വരുന്ന ബാലൺ ഡി ഓർ പുരസ്‌കാരം സംബന്ധിച്ചുള്ള ചർച്ചകളും സജീവമായിട്ടുണ്ട്. കോപ്പ അമേരിക്ക ടൂർണമെന്റിൽ ടോപ് സ്‌കോറർ, ടോപ് പ്ലെയർ പുരസ്‌കാരങ്ങൾ നേടി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസിയാണ് നിലവിൽ ബാലൺ ഡി ഓറിന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന താരമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറ്റലി യൂറോ കിരീടം സ്വന്തമാക്കിയതോടെ മെസിക്കൊപ്പമോ അതിനു മുകളിലായോ ബാലൺ ഡി ഓർ സാധ്യതകൾ ജോർജിന്യോക്കുണ്ടെന്ന വിലയിരുത്തലുകളും സജീവമാണ്. യൂറോ കിരീടത്തിനു പുറമെ കഴിഞ്ഞ സീസണിൽ ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം കൂടി നേടിയിട്ടുണ്ടെന്നതാണ് ജോർജിന്യോയുടെ സാധ്യതകളെ വർധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് താരം പ്രതികരിക്കുകയും ചെയ്‌തു.

"നമുക്കെല്ലാവർക്കും സ്വപ്‌നങ്ങളുണ്ട്. എന്നാൽ സത്യസന്ധമായി പറയുകയാണെങ്കിൽ ഏതൊക്കെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനങ്ങൾ എടുക്കുകയെന്നതിനെ ആശ്രയിച്ചിരിക്കും. പ്രതിഭയെക്കുറിച്ച് പറയുന്നതെങ്കിൽ ഞാൻ ലോകത്തിലെ ഏറ്റവും മികച്ച താരമല്ല. എന്നാൽ കിരീടങ്ങൾ പരിഗണിച്ചാൽ ഈ സീസണിൽ എന്നെക്കാൾ കൂടുതൽ ആരും വിജയിച്ചിട്ടുമില്ല."

"എങ്ങിനെയാണ് മെസി, നെയ്‌മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുമായി താരതമ്യം ചെയ്യാൻ എനിക്കെങ്ങിനെയാണ് കഴിയുക? അവർ എന്നിൽ നിന്നും വ്യത്യസ്തമായ ശൈലിയും സ്വഭാവസവിഷേതകളും ഉള്ളവരാണ്. പക്ഷെ, ഞാൻ വീണ്ടും പറയുന്നു, മാനദണ്ഡങ്ങളാണ് ഇതിന്റെ അടിസ്ഥാനം." ജോർജിന്യോ പറഞ്ഞു.

ബ്രസീലിൽ ജനിച്ച ജോർജിന്യോക്ക് വേണ്ടി 2017ൽ ഇരു ടീമുകളും രംഗത്തെത്തിയിരുന്നു. ബ്രസീലിനു വേണ്ടി കളിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആ സമയത്ത് ഇറ്റലിയെ തിരഞ്ഞെടുക്കുക തനിക്ക് എളുപ്പമായിരുന്നുവെന്നാണ് താരം പറയുന്നത്. "എനിക്ക് രണ്ടു തവണ അതേക്കുറിച്ച് ആലോചിക്കേണ്ടി വന്നില്ല. U21സിനു ശേഷം ഞാൻ ഇറ്റലിക്ക് വേണ്ടി മാത്രമാണ് സൗഹൃദമത്സരങ്ങൾ കളിച്ചിരുന്നത്. അതിനു ശേഷം നവംബർ 2017ന് സ്വീഡനെതിരെ ലോകകപ്പ് പ്ലേ ഓഫ് കളിക്കാനുള്ള ടീമിലേക്ക് വിളി വന്നു."

"ആ സമയത്തു തന്നെ ബ്രസീലിനും എന്നെ വേണമായിരുന്നു. ബ്രസീലിനു വേണ്ടി കളിക്കുന്നത് ചെറുപ്പം മുതൽ എന്റെ സ്വപ്‌നമായിരുന്നു എങ്കിലും അപ്പോൾ ഇറ്റലിക്കെന്റെ സഹായം ആവശ്യമാണെന്നു ഞാൻ കരുതി. എനിക്കൊരു സഹായം വേണ്ടി വന്നപ്പോൾ ഇറ്റലി വാതിലുകൾ തുറന്നു തന്നിരുന്നു. എന്റെ ഹൃദയം പറഞ്ഞു 'ഇറ്റലിക്ക് നിന്നെ ആവശ്യമുണ്ടെന്ന്'. അങ്ങിനെ ഞാനാ തീരുമാനമെടുത്തു, അതിലെനിക്ക് സന്തോഷം മാത്രമേയുള്ളൂ." ജോർജിന്യോ വ്യക്തമാക്കി.

facebooktwitterreddit