ചെൽസിയിലേക്ക് വരാൻ ജോർജിഞ്ഞോ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി കാലിഡൂ കൂലിബാലി


ചെൽസിയിലേക്ക് വരാൻ താത്പര്യമുണ്ടോയെന്ന് മധ്യനിരതാരം ജോർജിഞ്ഞോ തനിക്ക് മെസ്സേജ് അയച്ചുവെന്ന് വെളിപ്പെടുത്തി ചെൽസിയുടെ പുതിയ സൈനിങ്ങായ കാലിഡൂ കൂലിബാലി. ജോർജിഞ്ഞോയെ കൂടാതെ ഡീൽ പൂർത്തിയായ ശേഷം ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയും ഇതേ ചോദ്യം തന്നോട് ചോദിച്ചുവെന്നും കൂലിബാലി വെളിപ്പെടുത്തുന്നു.
ചെൽസിയുടെ ഔദ്യോഗിക വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
"ജോർജി എനിക്ക് മെസ്സേജ് അയച്ചു, ചെൽസിയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു!
"ആ സമയത്ത്, അവർക്ക് എന്നെ വേണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു, പക്ഷേ തീർച്ചയായും, ഞാൻ സന്തോഷത്തോടെ വരുമെന്ന് ഞാൻ പറഞ്ഞു. എഡൗ [മെൻഡി] യുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു, അവൻ എന്നോട് ചോദ്യം ചോദിച്ചു, അത് (ഡീൽ) ഇതിനകം പൂർത്തിയായെന്നും, ഞാൻ അവനെ ഉടൻ കാണുമെന്നും പറഞ്ഞു!"
"ഇപ്പോൾ ഞാൻ ഇവിടെയുണ്ട്, ഈ ആവേശകരമായ യാത്ര ആരംഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. യുവ കളിക്കാരും കൂടുതൽ അനുഭവപരിചയമുള്ളവരും ചേർന്ന് ടീമിനെ മികച്ചതായി കാണുന്നു," കൂലിബാലി പറഞ്ഞു.
ചെൽസി പരിശീലകൻ തോമസ് ടൂഷേലിനും ഈ ട്രാൻഫറിൽ വലിയ പങ്കുണ്ടെന്ന് കൂലിബാലി വെളിപ്പെടുത്തുന്നു. തന്നെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹത്തിനു വലിയ പങ്കുണ്ടെന്നും അദ്ദേഹം നല്ലൊരു മനഷ്യനാണെന്നും കൂലിബാലി കൂട്ടിച്ചേർത്തു.
"അദ്ദേഹം എന്നെ വിളിച്ചത് എനിക്ക് പ്രധാനപ്പെട്ട കാര്യമാണ്, അദ്ദേഹം എന്നിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് എന്നോട് പറഞ്ഞു, അദ്ദേഹം എന്നോട് പറഞ്ഞതെല്ലാം എനിക്ക് ചെൽസിയിലേക്ക് വരാൻ അനുയോജ്യമായ കാര്യങ്ങളാണ്, അദ്ദേഹത്തിന് കീഴിൽ പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്."
"പാരീസിലെ അദ്ദേഹത്തിന്റെ നാളുകൾ മുതൽ എനിക്ക് അദ്ദേഹത്തെ അറിയാമായിരുന്നു, എന്നോട് ചെൽസിയിലേക്ക് വരണോ എന്ന് ചോദിക്കാൻ അദ്ദേഹം എന്നെ നേരിട്ട് വിളിച്ചു, തീർച്ചയായും ഉത്തരം അതെ എന്നായിരുന്നു. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, വളരെ നല്ല പരിശീലകനാണ്, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," കൂലിബാലി കൂട്ടിച്ചേർത്തു.