ആ പെനാല്‍റ്റികൾ നഷ്ടപ്പെടുത്തിയത് തന്നെ എന്നും വേട്ടയാടുമെന്ന് ജോര്‍ജീഞ്ഞോ

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് തന്നെ ജീവിതകാലം മുഴുവന്‍ വേട്ടയാടുമെന്ന് ഇറ്റലിയുടെ മധ്യനിരതാരം ജോര്‍ജീഞ്ഞോ. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് പ്ലേ ഓഫില്‍ നോര്‍ത്ത് മാസിഡോണിയയോട് പരാജയപ്പെട്ട ഇറ്റലി ലോകകപ്പ് കാണാതെ പുറത്തായിരിക്കുകയാണ്. മത്സരത്തിന് ശേഷമാണ് ജോര്‍ജീഞ്ഞോ ഇത്തരത്തില്‍ പ്രതികരിച്ചത്.
ലോകകപ്പ് യോഗ്യതക്കുള്ള ഗ്രൂപ്പിൽ സ്വിട്സർലാൻഡിന് പിന്നിൽ രണ്ടാമതായതോടെയാണ് ഇറ്റലിക്ക് പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. സ്വിട്സർലാൻഡിന് എതിരെ കളിച്ച രണ്ട് മത്സരങ്ങളിലും ജോർജീഞ്ഞോ പെനാൽറ്റി നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇറ്റലിക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാൻ കഴിയുമായിരുന്നു.
"അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് വേദന തോന്നുന്നു, കാരണം ഞാന്‍ ഇപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കുന്നു, അത് എന്റെ ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടും," മാസിഡോണിയക്കെതിരെയുള്ള മത്സരശേഷം ജോര്‍ജീഞ്ഞോ പറഞ്ഞു.
"രണ്ട് തവണ [പെനാൽറ്റി] എടുക്കാൻ വന്നിട്ടും, ടീമിനെയും രാജ്യത്തെയും സഹായിക്കാന്‍ കഴിയാത്തത് ഞാന്‍ എന്നെന്നേക്കുമായി എന്നോടൊപ്പം കൊണ്ടുപോകുന്ന ഒന്നാണ്. അത് എന്നെ വിഷമിപ്പിക്കുന്നതാണ്. ഞങ്ങള്‍ തല ഉയര്‍ത്തി മുന്നോട്ട് പോകണമെന്ന് ആളുകള്‍ പറയുന്നു, പക്ഷേ ഇത് കഠിനമാണ്," ജോര്‍ജീഞ്ഞോ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോകകപ്പിലും ഇറ്റലിക്ക് ലോകകപ്പ് യോഗ്യത ലഭിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ശക്തമായി തിരിച്ചുവന്ന ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു. യൂറോ കപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയായിരുന്നു ഇറ്റലി കിരീടം ചൂടിയത്. എന്നാല്‍ ഈ പ്രകടനം ലോകകപ്പ് യോഗ്യത പ്ലേ ഓഫിൽ പുറത്തെടുക്കാന്‍ ഇറ്റലിക്ക് കഴിഞ്ഞില്ല. നോർത്ത് മാസിഡോണിയയോട് പരാജയപ്പെട്ട ഇറ്റലി, ഇതോടെ 2022ന് ലോകകപ്പിന് ഉണ്ടാവില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.