Football in Malayalam

അർജന്റീന സ്‌ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്, കരാറൊപ്പിടാൻ ധാരണയിലെത്തി

Sreejith N
FBL-IND-ISL-KOLKATA-KERALA-FINAL
FBL-IND-ISL-KOLKATA-KERALA-FINAL / SAJJAD HUSSAIN/Getty Images
facebooktwitterreddit

അർജന്റീന സ്‌ട്രൈക്കറായ ജോർജ് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിടാൻ ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ. അർജന്റീനിയൻ മാധ്യമപ്രവർത്തകനായ അഡ്രിയാനോ സവല്ലിയാണ് മുപ്പത്തിയൊന്നുകാരനായ അത്ലറ്റികോ പ്ലാറ്റൻസ് താരം വരുന്ന സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ബൂട്ടണിയുമെന്നു സ്ഥിരീകരിച്ചിരിക്കുന്നത്.

സവല്ലി വെളിപ്പെടുത്തിയതു പ്രകാരം ജോർജ് പെരേര ഡയസ് ഒരു വർഷത്തെ ലോൺ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുന്നത്. ലോണിനായി ഫീസ് ഒന്നും കേരള ബ്ലാസ്റ്റേഴ്‌സ് നൽകേണ്ടതില്ല. അടുത്ത സീസണിൽ താരത്തെ സ്ഥിരം കരാറിൽ വാങ്ങാനുള്ള ഓപ്‌ഷൻ കരാറിൽ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അഞ്ചു രാജ്യങ്ങളിലെ ടോപ് ഡിവിഷനിൽ കളിച്ചതിന്റെ പരിചയ സമ്പത്തുമായാണ് ജോർജ് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. അർജന്റീനയിൽ കളിച്ചു തുടങ്ങിയ ഡയസ് പിന്നീട് മലേഷ്യ, മെക്‌സിക്കോ, ബൊളീവിയ, ചിലി, എന്നിവിടങ്ങളിലെ ലീഗുകളിൽ കളിച്ചതിനു ശേഷമാണ് വീണ്ടും അർജന്റീനയിൽ എത്തുന്നത്.

അർജന്റീന ക്ലബായ ലാനസിനൊപ്പം കോപ്പ സുഡാമേരിക്കാനോ നേടിയിട്ടുള്ള അദ്ദേഹം മലേഷ്യൻ ക്ലബായ ജോഹോർ ദാരുളിനൊപ്പം രണ്ടു ലീഗുൾപ്പെടെ ആറു കിരീടങ്ങൾ സ്വന്തമാക്കി. ഐഎസ്എല്ലിൽ ആദ്യത്തെ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഡയസിന്റെ പരിചയസമ്പത്ത് ഗുണം ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മലേഷ്യൻ ക്ലബിനു വേണ്ടി കളിക്കുമ്പോൾ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്റ്റിന്റെ പ്രധാന എതിരാളികളിൽ ഒരാളായ ബംഗളുരു എഫ്‌സിക്കെതിരെ ഒരിക്കൽ എഎഫ്‌സി മത്സരത്തിൽ ഡയസ് കളത്തിലിറങ്ങിയിട്ടുണ്ട്. അന്ന് ഒരു ഗോൾ നേടാനും താരത്തിന് കഴിഞ്ഞിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit