Football in Malayalam

ഒളിമ്പിക്‌സിൽ ഹാട്രിക്ക് നേടിയ സ്‌പാനിഷ്‌ താരത്തെ ബാഴ്‌സലോണക്ക് ഓഫർ ചെയ്‌ത്‌ ഏജന്റ്

Sreejith N
Spain v Cote d'Ivoire: Men's Football Quarterfinal - Olympics: Day 8
Spain v Cote d'Ivoire: Men's Football Quarterfinal - Olympics: Day 8 / Koki Nagahama/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണിൽ സ്‌പാനിഷ്‌ ക്ലബായ ഹ്യുയസ്‌കയിൽ ലോണിൽ കളിച്ചിരുന്ന പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സിന്റെ മുന്നേറ്റനിര താരം റാഫ മിർ കഴിഞ്ഞ ദിവസം ഒളിമ്പിക്‌സിൽ നേടിയ ഹാട്രിക്കോടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഐവറി കോസ്റ്റിനെതിരായ മത്സരത്തിൽ പകരക്കാരനായിറങ്ങി താരം നേടിയ ഹാട്രിക്കോടെ സ്പെയിൻ ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് മുന്നേറുകയും ചെയ്‌തു.

കഴിഞ്ഞ സീസണിലേതിനേക്കാൾ ശ്രദ്ധാകേന്ദ്രമായി മാറിയ താരത്തിനെ ഏജന്റായ ജോർജ് മെൻഡസ് ബാഴ്‌സലോണക്ക് ഓഫർ ചെയ്‌തുവെന്നാണ് സ്‌പാനിഷ്‌ മാധ്യമം സ്പോർട്ടിന്റെ റിപ്പോർട്ട് പറയുന്നത്. മാസങ്ങൾക്കു മുൻപ് ആദ്യത്തെ ഓഫർ ലഭിച്ചപ്പോൾ ബാഴ്‌സയതു പരിഗണിച്ചില്ലെങ്കിലും ഇപ്പോൾ ബ്രൈത്ത്വൈറ്റെ, റെയ് മനാജ് എന്നിവരെ ഒഴിവാക്കാൻ ശ്രമിക്കുന്ന കാറ്റലൻ ക്ലബിനു താരത്തിൽ താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ സീസണിൽ ഹ്യുയസ്‌കക്കു വേണ്ടി പതിമൂന്നു ലീഗ് ഗോളുകളുൾപ്പെടെ പതിനാറു തവണ വല കുലുക്കിയ താരത്തിന് ലാ ലിഗയിലേക്ക് തിരിച്ചുവരാൻ വളരെയധികം ആഗ്രഹമുണ്ട്. ഇരുപത്തിനാലു വയസുള്ള താരത്തെ വിട്ടുകൊടുക്കാൻ തയ്യാറുള്ള വോൾവ്‌സിനു ഒരു സ്വാപ് ഡീൽ പോലും സ്വീകാര്യമാണ്. 2022ൽ റാഫ മിറിന്റെ കരാർ അവസാനിക്കുമെന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം.

1.91 മീറ്റർ ഉയരമുള്ള, ഏരിയൽ ബോൾസിൽ കൂടുതൽ മികവു കാണിക്കുന്ന താരത്തിന് ഒളിമ്പിക്‌സ് കഴിയുന്നതോടെ ആവശ്യക്കാർ വർധിക്കുമെന്നുറപ്പാണ്. നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ഇടയിൽ വളരെ ചെറിയ തുകക്കു റാഫ മിറിനെ സ്വന്തമാക്കി ടീമിന്റെ മുന്നേറ്റനിരയുടെ കരുത്ത് വർധിപ്പിക്കാൻ കഴിയും. ബാഴ്‌സക്കു പുറമെ അത്ലറ്റികോ മാഡ്രിഡും താരത്തെ നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

facebooktwitterreddit