ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വർഷത്തെ ബാലൺ ഡി'ഓർ അർഹിക്കുന്നു, കാരണവും വ്യക്തമാക്കി താരത്തിന്റെ ഏജന്റ്

പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണ് ഈ വർഷത്തെ ബാലൺ ഡി'ഓർ പുരസ്കാരം ലഭിക്കേണ്ടതെന്ന് താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസ്. അഞ്ച് തവണ മുൻപ് ബാലൺ ഡി'ഓർ നേടിയിട്ടുള്ള റൊണാൾഡോ ആ അഞ്ച് വർഷത്തേക്കാളും അർഹനാണ് ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കവെയായിരുന്നു മെൻഡസ് ഇക്കാര്യത്തിൽ മനസ് തുറന്നത്.
"ബാലൺ ഡി'ഓറിന്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഒരൊറ്റപ്പേര് മാത്രമേയുള്ളൂ"
- ജോർജ് മെൻഡസ്
"ഈ വർഷത്തെപ്പോലെ മുൻപൊരിക്കലും അദ്ദേഹം അത് അർഹിച്ചിട്ടില്ല. സീരി എയിലും, യൂറോ കപ്പിലും ടോപ് സ്കോറർ. ചാമ്പ്യൻസ് ലീഗ് ഗോളുകളുടെ കാര്യത്തിലും അദ്ദേഹം റെക്കോർഡ് കൈവശമാക്കി, മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ എല്ലാം നേടിയ ഒരേയൊരു വ്യക്തി," റൊണാൾഡോയെക്കുറിച്ച് മെൻഡസ് പറഞ്ഞു.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾസ്കോററാണ് റൊണാൾഡോയെന്നും സംസാരത്തിനിടെ മെൻഡസ് വ്യക്തമാക്കി. അത് വളരെ നിർണായകമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്ന മെൻഡസ്, ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് താനെന്ന് തെളിയിക്കുന്നത് റൊണാൾഡോ തുടരുന്നതായും കൂട്ടിച്ചേർത്തു.
Jorge Mendes claims Ballon d'Or "has only one name" and Cristiano Ronaldo must win https://t.co/yUHKRKcVtt pic.twitter.com/EhmbcdUSmU
— Mirror Football (@MirrorFootball) October 15, 2021
അതേ സമയം ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള 30 അംഗ ചുരുക്കപ്പട്ടികയിലുണ്ടെങ്കിലും റൊണാൾഡോ ഇക്കുറി പുരസ്കാരത്തിനായുള്ള ഒരു മുൻനിര മത്സരാർത്ഥിയല്ല എന്നതാണ് വാസ്തവം. മറിച്ച് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി, ഇറ്റാലിയൻ താരം ജോർജീന്യോ, പോളണ്ട് താരം റോബർട്ട് ലെവൻഡോസ്കി എന്നിവരാണ് 2021 ലെ ബാലൺ ഡി ഓർ പുരസ്കാരത്തിന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്നവർ.