ബാഴ്‌സലോണ - അത്‌ലറ്റിക്കോ മത്സരത്തിൽ അത്ഭുത ഗോളുമായി ജോർഡി ആല്‍ബ

ഉറങ്ങിക്കിടക്കുന്ന ബാഴ്‌സ ഉണര്‍ന്ന ദിവസമാണ് ഇന്ന്. ക്യാമ്പ് നൗവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ മത്സരത്തില്‍ ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു ബാഴ്‌സലോണ പുറത്തെടുത്തത്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് അത്ലറ്റിക്കോയെ തകർത്തായിരുന്നു ബാഴ്‌സലോണ മത്സരത്തിൽ വിജയം കരസ്ഥമാക്കിയത്.
മത്സരത്തിന്റെ എട്ടാം മിനുറ്റിൽ യാനിക് കറാസ്കോയിലൂടെ മുന്നിലെത്തിയ അത്ലറ്റിക്കോക്ക് എതിരെ പത്താം മിനുട്ടില്‍ ജോർഡി ആല്‍ബ നേടിയ അത്ഭുത ഗോളിലൂടെയായിരുന്നു ബാഴ്‌സ തിരിച്ചടി ആരംഭിച്ചത്. ബാഴ്‌സലോണയുടെ ബ്രസീലിയന്‍ സീനിയര്‍ താരം ഡാനി ആല്‍വസ് നല്‍കിയ പാസ് ബോക്‌സിനുള്ളില്‍ നിന്ന് സ്വീകരിച്ച് മികച്ചൊരു ഇടംകാലന്‍ ഷോട്ടിലൂടെ ആല്‍ബ പന്ത് വലയിലെത്തിക്കുകയായിരുന്നു.
WHAT A GOAL BY JORDI ALBA!!! pic.twitter.com/T7vvB8WdHE
— ESPN FC (@ESPNFC) February 6, 2022
ഫുള്‍ വോളി കിക്കെടുത്ത ആല്‍ബ, ഒബ്ലാക്കിനെ കാഴ്ചക്കാരനാക്കിയായിരുന്നു പന്ത് വലയിലെത്തിച്ചത്. ആദ്യ പത്തു മിനുട്ടിനുള്ളില്‍ തന്നെ അത്യുഗ്രന്‍ ഗോള്‍ നേടിതോടെ ക്യാമ്പ് നൗവില്‍ ആരവം മുഴങ്ങി. ഇതോടെ താളം വീണ്ടെടുത്ത ബാഴ്‌സ മത്സരത്തിന്റെ ആധിപത്യം കൈക്കലാക്കി.
ഏറെ നാളത്തെ ഇടവേളക്ക് ശേഷം ബാഴ്‌സലോണയിലെത്തിയ ആല്‍വേസ് നല്‍കിയ പാസിന്റെ കൃത്യതയും ആല്‍ബയുടെ ഗോളില്‍ നിര്‍ണായകമായി. ബോക്‌സിനുള്ളിലേക്ക് അളന്ന് നല്‍കിയ പന്ത് ഒന്നും ചിന്തിക്കാതെയായിരുന്നു ആല്‍ബ അത്‌ലറ്റിക്കോയുടെ വലയില്‍ നിക്ഷേപിച്ചത്. ആല്‍ബയുടെ ഗോളിന് അസിസ്റ്റ് നൽകിയ ആല്‍വസ് ക്യാമ്പ് നൗവിലേക്കുള്ള തന്റെ തിരിച്ചുവരവ് ആഘോഷിക്കുകയും ചെയ്തു. ബാഴ്‌സക്ക് വേണ്ടിയുള്ള ആൽവസിന്റെ നൂറാം അസിസ്റ്റ് കൂടിയായിരുന്നു അത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.