Football in Malayalam

എൽഷെക്കെതിരെ ബാഴ്‌സ ബുദ്ധിമുട്ടി, വിജയം ആത്മവിശ്വാസം കൊണ്ടുവരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ജോർദി ആൽബ

Sreejith N
FC Barcelona v Elche CF - La Liga Santander
FC Barcelona v Elche CF - La Liga Santander / Alex Caparros/Getty Images
facebooktwitterreddit

ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ എൽഷെക്കെതിരെ ടീം നടത്തിയ പ്രകടനത്തിൽ സംതൃപ്തനാവാതെ ബാഴ്‌സലോണ താരം ജോർഡി ആൽബ. തങ്ങളുടെ നിലവാരത്തിന്റെ അടുത്തു പോലുമെത്താൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടില്ലെന്നും എന്നാൽ വിജയം ആത്മവിശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ആൽബ മത്സരത്തിന് ശേഷം പറഞ്ഞു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു മത്സരത്തിൽ ബാഴ്‌സ വിജയിച്ചത്.

ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകളുടെ തോൽവിയും അതിനു ശേഷം ദുർബലരായ കാഡിസിനെതിരെ സമനിലയും വഴങ്ങിയ മോശം പ്രകടനങ്ങൾക്ക് ശേഷമാണ് ബാഴ്‌സലോണ ഇന്നലെ വിജയം കണ്ടെത്തിയത്. മെസി രണ്ടു ഗോളുകൾ നേടിയപ്പോൾ ആൽബയാണ് മറ്റൊരു ഗോൾ കണ്ടെത്തിയത്.

"ഇത് ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. കാഡിസിനെതിരായ സമനില ടീമിലെ എല്ലാവർക്കും കനത്ത തിരിച്ചടിയായിരുന്നു. ഞങ്ങൾ നൂറു ശതമാനമല്ലെന്ന് ആ മത്സരത്തിൽ വിജയം നേടാൻ ബുദ്ധിമുട്ടിയതോടെ വ്യക്തമായി. ഞായാറാഴ്ചത്തെ മത്സരത്തിൽ വളരെയധികം ബുദ്ധിമുട്ടിയ ഞങ്ങൾ ഇന്ന് ആദ്യപകുതിയിലും അതാവർത്തിച്ചെങ്കിലും രണ്ടാം പകുതിയിൽ മെച്ചപ്പെട്ട് ഗോളുകൾ നേടാൻ കഴിഞ്ഞു," ആൽബ പറഞ്ഞു.

നിലവിൽ ലാ ലീഗയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ബാഴ്‌സലോണക്ക് കടുപ്പമേറിയ പോരാട്ടങ്ങളാണ് ഇനി വരാനിരിക്കുന്നത്. ലാ ലീഗയിൽ സെവിയ്യയെ നേരിടുന്ന ടീം അതിനു ശേഷം കോപ്പ ഡെൽ റെയിലും സെവിയ്യക്കെതിരെ കളിക്കും. ലാ ലീഗയിൽ ബാഴ്‌സലോണയോട് രണ്ടു പോയിന്റ് മാത്രം വ്യത്യാസത്തിൽ പുറകിൽ നിൽക്കുന്ന സെവിയ്യ കോപ്പ ഡെൽ റേയുടെ ആദ്യ പാദത്തിൽ വിജയവും നേടിയിരുന്നു. അതുകൊണ്ടു തന്നെ രണ്ടു മത്സരങ്ങളും ബാഴ്‌സലോണക്ക് വളരെ പ്രധാനപ്പെട്ടതാണ്.

facebooktwitterreddit