എൽ ക്ലാസിക്കോ വിജയിച്ച് ലാ ലിഗ കിരീടത്തിനായി പൊരുതുകയാണ് ലക്ഷ്യമെന്ന് ബാഴ്സലോണ താരം ജോർദി ആൽബ


റയൽ മാഡ്രിഡിനെതിരെ നടക്കുന്ന എൽ ക്ലാസിക്കോ വിജയിച്ച് ലാ ലിഗ കിരീടത്തിനായുള്ള പോരാട്ടം ശക്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു വ്യക്തമാക്കി ബാഴ്സലോണ ലെഫ്റ്റ് ബാക്കായ ജോർഡി ആൽബ. ഈ സീസണിലെ അവസാന എൽ ക്ലാസിക്കോ മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കേ സ്പെയിൻ ദേശീയ ടീമിലെ തന്റെ സാഹചര്യത്തെക്കുറിച്ചും ആൽബ വെളിപ്പെടുത്തുകയുണ്ടായി.
"ബെർണാബുവിലേക്ക് പോയി വിജയിക്കുകയെന്നതും ലാ ലിഗ കിരീടത്തിനായി പോരാട്ടം തുടരുകയെന്നതുമാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ക്ലാസിക്കോ പോരാട്ടം ഈ സീസന്റെ ബാക്കി നിർവചിക്കുന്ന ഒന്നായിരിക്കും." ആൽബ പറഞ്ഞു. സാവി വന്നതിനു ശേഷം ടീമിനുണ്ടായ മാറ്റത്തെക്കുറിച്ചും താരം സംസാരിച്ചു.
Jordi Alba believes a win against Real Madrid would put Barcelona in the title racehttps://t.co/QJHbxHsP6P
— MARCA in English (@MARCAinENGLISH) March 19, 2022
"സാവിയുടെ വരവ് ഡ്രസിങ് റൂമിനു വലിയ വാർത്തയായിരുന്നു. ക്ലബിനെക്കുറിച്ച് എല്ലാം അദ്ദേഹത്തിനറിയാം, അത് ഞങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകി. ഇപ്പോഴുള്ള അനുഭവം വളരെ മികച്ചതാണ്. ടീമിലെ താരങ്ങൾക്കും ആരാധകർക്കുമുള്ള ഊർജ്ജം എനിക്ക് കാണാം." ആൽബ വ്യക്തമാക്കി.
ഖത്തർ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്നും ആൽബ പറഞ്ഞു. നല്ലൊരു സമയത്തിലൂടെയാണ് താൻ കടന്നു പോകുന്നതെന്നും പരിശീലകന്റെ പട്ടികയിൽ ഉൾപ്പെട്ട് മറ്റൊരു ലോകകിരീടം വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു.
ഈ സീസണിലും ബാഴ്സലോണക്കായി മികച്ച പ്രകടനം നടത്തുന്ന ആൽബ വരാനിരിക്കുന്ന യോഗ്യത മത്സരങ്ങൾക്കുള്ള സ്പെയിൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. ബുസ്ക്വറ്റ്സിന് വിശ്രമം അനുവദിച്ചു എങ്കിലും ആൽബ ഉൾപ്പെടെ അഞ്ചു ബാഴ്സലോണ താരങ്ങൾ സ്പെയിൻ ടീമിനൊപ്പമുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.