Football in Malayalam

"ലപോർട്ട സത്യം പറയുമെന്ന് പ്രതീക്ഷിക്കുന്നു"- മെസി ബാഴ്‌സ വിട്ടതിൽ പങ്കില്ലെന്ന് ജോർദി ആൽബ

Sreejith N
Jordi Alba of Fc Barcelona  in action during  the Joan...
Jordi Alba of Fc Barcelona in action during the Joan... / Marco Canoniero/Getty Images
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിട്ടതിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ പ്രസിഡന്റായ ലപോർട്ട സത്യം പറയുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ടീമിന്റെ ലെഫ്റ്റ് ബാക്കായ ജോർദി ആൽബ. വേതനം കുറക്കാൻ ബാഴ്‌സ ബോർഡ് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാവാതിരുന്ന താരങ്ങളിൽ ഒരാൾ ആൽബയാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ഇന്നലെ നടന്ന ലാലിഗ മത്സരത്തിനിടെ ഒരു വിഭാഗം ആരാധകർ താരത്തെ കൂക്കി വിളിക്കുകയും ചെയ്‌തു.

"യൂറോക്ക് മുൻപ് എന്നെ ഒരാളും വിളിച്ചിട്ടില്ല, അതു തെറ്റായ വാർത്തയാണ്. ക്ലബ് എന്നോട് സംസാരിക്കുന്ന സമയത്ത് ഞാനതിനു സന്നദ്ധനായിരുന്നു. ഞാനിവിടെയുള്ള ആളാണ്, ജീവിതകാലം മുഴുവൻ ബാഴ്‌സലോണയിലാണ് ചിലവഴിച്ചത്. എന്റെ ആത്മാർഥത ചോദ്യം ചെയ്യപ്പെടുന്നത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്."

"നിലവിൽ ബാഴ്‌സലോണ പ്രസിഡന്റ് ഇതേക്കുറിച്ച് കൃത്യമായി ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം സംസാരിക്കുമെന്നും സത്യം പറയുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആൽബ പറഞ്ഞു. താനടക്കം ബാഴ്‌സലോണയിലെ നാല് ക്യാപ്റ്റന്മാർ പ്രതിഫലം കുറക്കാൻ തയ്യാറായിട്ടുണ്ടെന്നും ആൽബ സ്ഥിരീകരിച്ചു.

"എന്റെ അഭിഭാഷകർ ക്ലബിനോട് സംസാരിച്ചിരുന്നു. പിക്വയാണ് ആദ്യം വേതനം കുറച്ചതെങ്കിലും മറ്റു നായകന്മാരുടെ സന്നദ്ധതയും അതുപോലെ തന്നെയായിരുന്നു. പുറത്തു വരുന്ന നുണകൾ എന്നെ അസ്വസ്ഥമാക്കുകയും തളർത്തുകയും ചെയ്യുന്നു. എനിക്ക് പലതും സഹിക്കാൻ കഴിയുമെങ്കിലും എന്റെ കുടുംബം കേൾക്കേണ്ടി വരുന്ന കാര്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്."

ബാഴ്‌സലോണയുടെ നാല് ക്യാപ്റ്റന്മാർ ശമ്പളം വെട്ടിക്കുറയ്ക്കാൻ തയ്യാറാവാത്തതു കൊണ്ടല്ല ലയണൽ മെസിക്ക് ക്ലബ് വിടേണ്ടി വന്നതെന്നും അതിനിതുമായി യാതൊരു ബന്ധവുമില്ലെന്നും ആൽബ പറഞ്ഞു. ലയണൽ മെസിയുമായി മികച്ച ബന്ധമുള്ള താരങ്ങളിൽ ഒരാളാണ് താനെന്നും അതുകൊണ്ടു താരത്തെ നിലനിർത്താൻ തന്റെ കഴിവിന്റെ പരമാവധി ചെയ്യാൻ തയ്യാറായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

facebooktwitterreddit