Football in Malayalam

വൻമതിലായി പിക്‌ഫോഡ്, യൂറോ കപ്പിൽ താരത്തിനും ഇംഗ്ലണ്ടിനും ചരിത്രനേട്ടം

Sreejith N
England v Germany - UEFA Euro 2020: Round of 16
England v Germany - UEFA Euro 2020: Round of 16 / John Sibley - Pool/Getty Images
facebooktwitterreddit

എതിരാളികളുടെ മുന്നേറ്റനിരക്കു മുന്നിൽ ഒരിക്കൽപ്പോലും അടിപതറാതെ ഇംഗ്ലണ്ട് യൂറോ കപ്പ് സെമിയിലേക്ക് മുന്നേറിയതോടെ ഗോൾകീപ്പറായ ജോർദാൻ പിക്ക്‌ഫോഡിന് യൂറോ കപ്പിലെ ചരിത്രനേട്ടം സ്വന്തമായി. ഇത്തവണത്തെ യൂറോ കപ്പിൽ അഞ്ചു മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ട് ഒന്നിൽ പോലും ഗോൾ വഴങ്ങിയിട്ടില്ല. യൂറോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം അഞ്ചു മത്സരങ്ങളിൽ തുടർച്ചയായി ഗോൾ വഴങ്ങാതിരിക്കുന്നത്.

യൂറോ കപ്പിൽ തുടർച്ചയായി 662 മിനുട്ടുകൾ ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന ഇംഗ്ലണ്ടിനൊപ്പം ഗോൾകീപ്പറായ പിക്ക്‌ഫോഡിനു കൂടിയാണ് ഈ നേട്ടം സ്വന്തമായത്. ഗോൾവലക്കു കീഴിൽ മികച്ച പ്രകടനം നടത്തി ഇംഗ്ലണ്ടിനെ പലപ്പോഴും രക്ഷിച്ചിട്ടുള്ള താരം യൂറോ കപ്പിൽ തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ ഗോൾ വഴങ്ങാതിരിക്കുന്ന ആദ്യത്തെ ഗോൾകീപ്പറെന്ന നേട്ടമാണ് സ്വന്തം പേരിലാക്കിയത്. ഇതിനു പുറമെ 1966നു ശേഷം ഇംഗ്ലണ്ടിനു വേണ്ടി ഏഴു മത്സരങ്ങളിൽ ക്ളീൻഷീറ്റുകൾ സ്വന്തമാക്കുന്ന താരമെന്ന നേട്ടവും താരം സ്വന്തമാക്കി.

ഈ സീസണിൽ സമ്മിശ്രമായ പ്രകടനം എവർട്ടനോടൊപ്പം നടത്തിയ പിക്ക്‌ഫോർഡിനെ ഇംഗ്ലണ്ടിന്റെ പ്രധാന ഗോൾകീപ്പറാക്കുന്നതിൽ പല ഭാഗത്തു നിന്നും അസ്വാരസ്യങ്ങളുണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡീൻ ഹെൻഡേഴ്‌സൺ അടക്കമുള്ള താരങ്ങളെ പകരക്കാരായി നിർദ്ദേശിക്കപ്പെട്ടെങ്കിലും പിക്‌ഫോഡിൽ സൗത്ത്ഗേറ്റ് വിശ്വാസം അർപ്പിക്കുകയായിരുന്നു.

ബ്ലോക്ക് ചെയ്യപ്പെട്ടതടക്കം ഈ യൂറോയിൽ 42 ഷോട്ടുകൾ നേരിട്ട താരം ഒൻപതു സേവുകളാണ് നടത്തിയിരിക്കുന്നത്. അതിൽ നാലെണ്ണം പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്നുള്ളതും അഞ്ചെണ്ണം ലോങ്ങ് റേഞ്ച് എഫേർട്ടുകളുമായിരുന്നു. ഇതിനു പുറമെ സഹതാരങ്ങൾക്ക് ബോൾ എത്തിച്ചു നൽകുന്നതിലും പിക്‌ഫോർഡ് മികവു കാണിക്കുന്നു. യൂറോ കപ്പിലിതുവരെ 147 പാസുകൾക്കു വേണ്ടി ശ്രമിച്ച താരം അതിൽ 95 എണ്ണമാണ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. അതിൽ മുപ്പത്തിരണ്ടെണ്ണം ലോങ്ങ് പാസുകളായിരുന്നു. താരത്തിന്റെ മൂന്നു പാസുകൾ മുന്നേറ്റനിരയിലേക്കും കൃത്യമായി എത്തിച്ചേർന്നു.

അടുത്ത മത്സരത്തിൽ ഡെന്മാർക്കിനെതിരെ ഗോൾ വഴങ്ങാതിരിക്കാൻ ഇംഗ്ലണ്ട് പ്രതിരോധവും പിക്‌ഫോഡും അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ നടത്തേണ്ടി വരും. യൂറോ കപ്പിലിതു പതിനൊന്നു ഗോളുകളാണ് ഡെന്മാർക്ക് നേടിയിരിക്കുന്നത്. 12 ഗോളുകൾ നേടിയ സ്പെയിൻ മാത്രമാണ് അവർക്കു മുന്നിലുള്ള ടീം.

facebooktwitterreddit