FC Barcelona News

ബാഴ്‌സലോണ ആരാധകനാണെന്ന് ജോൺ ടെറി, നേരിട്ടതിൽ ഏറ്റവും മികച്ച രണ്ടു താരങ്ങളെയും വെളിപ്പെടുത്തി ചെൽസി ഇതിഹാസം

Sreejith N
John Terry Reveals His Love For Barcelona And Two Best Players He Ever Faced
John Terry Reveals His Love For Barcelona And Two Best Players He Ever Faced / Matthew Ashton - AMA/GettyImages
facebooktwitterreddit

ബാഴ്‌സലോണയോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തി ചെൽസിയുടെയും, ഇംഗ്ലണ്ടിന്റെയും എക്കാലത്തെയും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ ജോൺ ടെറി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലെ ഒരു ചോദ്യോത്തര പരിപാടിയിൽ സംസാരിക്കേ ഇക്കാര്യം വെളിപ്പെടുത്തിയ ടെറി താൻ നേരിട്ട ഏറ്റവും മികച്ച ടീം ബാഴ്‌സലോണയാണെന്നും പറഞ്ഞു.

ഇൻസ്റ്റാഗ്രാം ചോദ്യോത്തരവേളയിൽ ബാഴ്‌സലോണയെ രഹസ്യമായി ആരാധിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ടെറിയുടെ മറുപടി ഇങ്ങിനെയായിരുന്നു. "അതിനു തീർച്ചയായും മറുപടി വേണോ? അതെ, ഞാൻ ബാഴ്‌സലോണ ആരാധകനാണ്, ഞാൻ ബാഴ്‌സലോണയെ സ്നേഹിക്കുന്നു. ഞങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച ടീം അവരായിരുന്നുവെന്ന് എളുപ്പത്തിൽ പറയാം."

സ്റ്റാംഫോഡ് ബ്രിഡ്‌ജ്‌, വെംബ്ലി എന്നീ മൈതാനങ്ങൾക്ക് ശേഷം ഏറ്റവും പ്രിയപ്പെട്ട സ്റ്റേഡിയം ഏതാണെന്ന ചോദ്യത്തിന് മറുപടി നൽകുമ്പോഴും തന്റെ ബാഴ്‌സലോണ സ്നേഹം ജോൺ ടെറി വെളിപ്പെടുത്തി. ബാഴ്‌സലോണയുടെ മൈതാനമായ ക്യാമ്പ് നൂവാണു തന്റെ മൂന്നാമത്തെ പ്രിയപ്പെട്ട സ്റ്റേഡിയമെന്നാണ് ടെറി മറുപടി നൽകിയത്.

കരിയറിൽ താൻ നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടു താരങ്ങളെ ടെറി തിരഞ്ഞെടുത്തപ്പോൾ അതു രണ്ടും മുൻ ബാഴ്‌സലോണ താരങ്ങളായിരുന്നു. നിലവിൽ പിഎസ്‌ജിയിൽ കളിക്കുന്ന മുൻ ബാഴ്‌സലോണ നായകൻ ലയണൽ മെസി, ബ്രസീലിയൻ ഫുട്ബോൾ മാന്ത്രികൻ റൊണാൾഡീന്യോ എന്നിവരെയാണ് ജോൺ ടെറി ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളികളായി കരുതുന്നത്.

ചെൽസിക്ക് വേണ്ടി എഴുനൂറോളം മത്സരങ്ങളിൽ ഇറങ്ങി മൗറീന്യോ, കാർലോ ആൻസലോട്ടി, റെനിയേരി, ബെനിറ്റസ് തുടങ്ങിയ പരിശീലകരുടെ കീഴിൽ കളിച്ചിട്ടുള്ള ടെറി തനിക്ക് കളിക്കാൻ ആഗ്രഹമുണ്ടായിരുന്ന രണ്ടു പരിശീലകരെയും വെളിപ്പെടുത്തി. മുൻ ബാഴ്‌സലോണ മാനേജരും ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി പരിശീലകനുമായ പെപ് ഗ്വാർഡിയോള, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഫെർഗുസൻ എന്നിവരുടെ കീഴിൽ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നാണ് താരം ഉത്തരം നൽകിയത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit