Football in Malayalam

ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിനു ശേഷം ഈ സീസണിൽ കിരീടം നേടാൻ സാധ്യതയുള്ള നാലു ടീമുകളെ വെളിപ്പെടുത്തി ജോൺ ടെറി

Sreejith N
Aston Villa v Tottenham Hotspur - Premier League
Aston Villa v Tottenham Hotspur - Premier League / Matthew Ashton - AMA/GettyImages
facebooktwitterreddit

വിവാദങ്ങളുയർത്തി ഇന്നലെ അവസാനിച്ച ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 നറുക്കെടുപ്പിനു ശേഷം ഈ സീസണിൽ കിരീടം നേടാൻ സാധ്യതയുള്ള നാല് ക്ലബുകളെ വെളിപ്പെടുത്തി ചെൽസി ഇതിഹാസമായ ജോൺ ടെറി. സൂപ്പർതാരങ്ങൾ അണിനിരക്കുന്ന പിഎസ്‌ജി, റൊണാൾഡോ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, ആൻസലോട്ടിയുടെ കീഴിൽ കുതിച്ചു പായുന്ന റയൽ മാഡ്രിഡ് എന്നീ ക്ലബുകൾക്കൊന്നും ടെറി കിരീടസാധ്യത കൽപ്പിക്കുന്നില്ല.

"ആരാണ് ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക?" പ്രീ ക്വാർട്ടർ നറുക്കെടുപ്പ് പൂർത്തിയായതിനു ശേഷം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ടെറി ചോദിച്ചു. അതിനു ശേഷം "ഇപ്പോൾ എന്നെ സംബന്ധിച്ച് ചെൽസി, ബയേൺ മ്യൂണിക്ക്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് മികച്ചു നിൽക്കുന്നത്," എന്നും താരം ട്വിറ്ററിൽ കുറിച്ചു.

ജോൺ ടെറി കിരീടസാധ്യതയുണ്ടെന്നു പറയുന്ന ടീമുകൾക്കെല്ലാം പ്രീ ക്വാർട്ടറിൽ താരതമ്യേനെ ദുർബലരെയാണ് എതിരാളികളായി ലഭിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെൽസി ഫ്രഞ്ച് ലീഗ് ക്ലബായ ലില്ലെയെ നേരിടുമ്പോൾ ബയേണിന് ഓസ്ട്രിയൻ ക്ലബായ ആർബി സാൽസ്ബർഗാണ് എതിരാളികൾ. മാഞ്ചസ്റ്റർ സിറ്റി സ്പോർട്ടിങ് ലിസ്ബനെ നേരിടുമ്പോൾ ലിവർപൂളിനാണ് മത്സരം കടുപ്പമാവുക. കഴിഞ്ഞ സീസണിൽ സീരി എ കിരീടമുയർത്തിയ ഇന്ററാണ്‌ അവരുടെ എതിരാളികൾ.

തന്റെ മുൻ ക്ലബായ ചെൽസിക്ക് ലില്ലെയെ എതിരാളികളായി ലഭിച്ചതിൽ അവർ സംതൃപ്‌തരായിരിക്കും എന്നു പറഞ്ഞ ടെറി പക്ഷെ ടീമിന് അതോടൊപ്പം തന്നെ മുന്നറിയിപ്പും നൽകി. നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്കെതിരെ യാതൊന്നും നഷ്ടപ്പെടാനില്ലാതെയാണ് ലില്ലെ കളിക്കുകയെന്നും അവരുടെ മൈതാനത്തിന്റെ അന്തരീക്ഷം മത്സരം കടുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit