ഹാലൻഡിനെ സ്വന്തമാക്കിയാൽ മാഞ്ചസ്റ്റർ സിറ്റി അപരാജിതരാവും, ഡോർട്മുണ്ട് താരത്തെ ലിവർപൂൾ ടീമിലെത്തിക്കണമെന്ന് റൈസ്

Sreejith N
Borussia Dortmund v 1. FC Union Berlin - Bundesliga
Borussia Dortmund v 1. FC Union Berlin - Bundesliga / Matthias Hangst/Getty Images
facebooktwitterreddit

ബൊറൂസിയ ഡോർട്മുണ്ട് താരമായ എർലിങ് ഹാലൻഡിനെ സ്വന്തമാക്കിയാൽ മാഞ്ചസ്റ്റർ സിറ്റി അപരാജിതരായി മാറുമെന്ന് ലിവർപൂളിന്റെയും നോർവെയുടെയും മുൻ താരമായ ജോൺ ആർനെ റൈസ്. അടുത്ത സമ്മറിൽ ഡോർട്മുണ്ട് വിടാൻ സാധ്യതയുള്ള ഇരുപത്തിയൊന്നുകാരനായ താരത്തെ ലിവർപൂൾ സ്വന്തമാക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഹാലൻഡിനു വേണ്ടി ക്ലബുകൾ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും താരത്തെ വിട്ടുകൊടുക്കാൻ ബൊറൂസിയ ഡോർട്മുണ്ട് തയ്യാറായിരുന്നില്ല. എന്നാൽ അടുത്ത സമ്മറിൽ നോർവേ താരത്തിന്റെ റിലീസിംഗ് തുക 75 മുതൽ നൂറു മില്യണിന്റെ ഇടയിലാകാൻ സാധ്യതയുള്ളതിനാൽ യൂറോപ്പിലെ ഒട്ടുമിക്ക പ്രധാന ക്ലബുകളും ഹാലാൻഡിന്റെ പിന്നിലായിരിക്കും എന്നുറപ്പാണ്.

"ഹാലൻഡ് ലിവർപൂളിലെത്തുന്നത് തീർച്ചയായും എനിക്കു സന്തോഷം നൽകുന്ന കാര്യമാണ്, കാരണം അവിശ്വസനീയ കഴിവുകളുള്ള താരമാണവൻ. മികച്ച ഫോമിൽ കളിക്കുന്ന താരം ക്ളോപ്പിന്റെ ഫുട്ബോൾ ശൈലിക്ക് അനുയോജ്യനാണെന്നും ഞാൻ കരുതുന്നു. ഒരു ക്ലബെന്ന നിലയിൽ താരം ലിവർപൂളിനെ ഇഷ്‌ടപ്പെടുന്നുവെന്നും ഞാൻ കരുതുന്നു."

"എന്നാൽ സിറ്റി താരത്തെ സ്വന്തമാക്കിയാൽ, നിങ്ങൾ അപരാജിതരായ ടീമുകളെക്കുറിച്ചാണ് സംസാരിക്കുന്നത് എങ്കിൽ അവരതിനു വളരെ അടുത്തായിരിക്കും.അടുത്ത സീസണിലോ, വരാനിരിക്കുന്ന സീസണുകളിലോ ആവട്ടെ, ആർക്ക് ഹാലൻഡിനെ ലഭിച്ചാലും അവർ നിരവധി വർഷങ്ങൾ അവിശ്വസനീയമായ കരുത്തുള്ള ടീമായിരിക്കും."

"ലിവർപൂളിനു താരത്തെ സ്വന്തമാക്കാനുള്ള സാധ്യതയുണ്ടോ എന്ന കാര്യം എനിക്കറിയില്ല, അതുണ്ടെങ്കിൽ ദയവായി നടപ്പിലാക്കുക, കാരണം അതു ക്ലബിന് അസാധാരണമായ ഒരു നേട്ടമായിരിക്കും, അല്ലെങ്കിൽ താരത്തെ സ്വന്തമാക്കുന്ന ഏതൊരു ക്ലബിനും," ഗോളിനോട് സംസാരിക്കുമ്പോൾ റൈസ് വ്യക്തമാക്കി.

നോർവേയിൽ നിന്നും പ്രീമിയർ ലീഗ് ക്ലബുകളിൽ കളിക്കുന്ന താരങ്ങൾ വളരെ കുറവാണെന്നു വ്യക്തമാക്കിയ റൈസ്, ഒഡേഗാർഡ് ആഴ്‌സണലിൽ കളിക്കുന്നതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു. ഹാലാൻഡ് പ്രീമിയർ ലീഗിലേക്കു തന്നെ ചേക്കേറുമെന്ന വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം അത് നോർവീജിയൻ ഫുട്ബോളിനു ഗുണമുണ്ടാക്കുമെന്നും വ്യക്തമാക്കി.


facebooktwitterreddit