ചെൽസി കരിയർ സംരക്ഷിക്കാൻ ലുക്കാക്കുവിനു മുന്നിലുള്ളത് ആറാഴ്ച മാത്രം, മുന്നറിയിപ്പുമായി ജോ കോൾ


കഴിഞ്ഞ സമ്മറിൽ ചെൽസിയിലേക്ക് തിരിച്ചെത്തിയ ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിന് ബ്ലൂസിനൊപ്പമുള്ള തന്റെ കരിയർ സംരക്ഷിക്കാൻ വെറും ആറാഴ്ച്ച മാത്രമേ ബാക്കിയുള്ളൂ എന്ന മുന്നറിയിപ്പുമായി ചെൽസി ഇതിഹാസം ജോ കോൾ. കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ സീരി എ കിരീടത്തിലേക്ക് നയിച്ച താരം ചെൽസിയിൽ പതറുന്ന സാഹചര്യത്തിലാണ് ജോ കോളിന്റെ അഭിപ്രായം.
ഈ സീസണിൽ ഇരുപതു പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം ഇതുവരെ അഞ്ചു ഗോളുകൾ മാത്രമാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ടീമിലെ പ്രധാന സ്ട്രൈക്കർ എന്ന സ്ഥാനവും നഷ്ടമായ താരം പകരക്കാരനായാണ് പലപ്പോഴും പരിഗണിക്കപ്പെടുന്നത്. അതേസമയം നേരത്തെ വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്ന ടിമോ വെർണർ ഇപ്പോൾ ഫോമിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.
Romelu Lukaku has 'six weeks to save his Chelsea career', says Joe Cole https://t.co/ciADbAJ0Gb
— Telegraph Football (@TeleFootball) April 17, 2022
"ആഗ്രഹമുണ്ടെങ്കിൽ ചെൽസി കരിയർ രക്ഷിക്കാൻ ലുക്കാക്കുവിന് ആറാഴ്ചത്തെ സമയമുണ്ട്. ടിമോ വെർണറെ നോക്കിയാൽ താരം തോൽക്കാൻ തയ്യാറല്ല, ഗോൾ നേടിയില്ലെങ്കിൽ പോലും താരം മറ്റു പലതും വാഗ്ദാനം ചെയ്യുന്നുണ്ട്." ഐടിവി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ജോ കോൾ പറഞ്ഞു.
ഇന്നലെ ക്രിസ്റ്റൽ പാലസുമായി നടന്ന മത്സരത്തിൽ ടിമോ വെർണർ നൽകിയ അവസരം ലുക്കാക്കു നഷ്ടമാക്കിയതിനെ കുറിച്ചും ജോ കോൾ പറഞ്ഞു. ലുക്കാക്കുവിന്റെ കാര്യത്തിൽ ഒന്നും ശരിയായി വരുന്നില്ലെന്നും തനിക്ക് ഇതിനേക്കാൾ മികവുണ്ടെന്ന കാര്യം അറിയുന്നതിനാൽ താരം നിരാശനാണെന്നും ജോ കോൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പരിശീലകൻ തോമസ് ടുഷലും ഫോം വീണ്ടെടുക്കണമെന്നു ലുക്കാക്കുവിനോട് അറിയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനത്തിന്റെ പേരിൽ വളരെയധികം വിമർശനങ്ങൾ നേരിട്ടെങ്കിലും ഇപ്പോൾ ടീമിലെ പ്രധാന താരമായി മാറിയ വെർണറെ ഇക്കാര്യത്തിൽ ലുക്കാക്കു മാതൃകയാക്കണമെന്നാണ് ടുഷെൽ അഭിപ്രായപ്പെട്ടത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.