Football in Malayalam

ന്യൂകാസിൽ പ്രതാപം തിരിച്ചു പിടിക്കാനുറപ്പിച്ചു തന്നെ, ജനുവരിയിൽ മുന്നൂറു മില്യൺ വരെ ചിലവാക്കുമെന്ന് ജോ കോൾ

Sreejith N
Newcastle United v Brentford - Premier League
Newcastle United v Brentford - Premier League / George Wood/GettyImages
facebooktwitterreddit

സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ആഴ്‌ചകൾക്കു മുൻപേ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് വരുന്ന ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഇരുനൂറു മുതൽ മുന്നൂറു മില്യൺ യൂറോ വരെ ടീമിനെ അഴിച്ചു പണിയുന്നതിനായി ചിലവഴിക്കുമെന്ന് പ്രീമിയർ ലീഗ് മുൻ താരമായ ജോ കോൾ. നിലവിലെ പരിശീലകനായ എഡ്ഡീ ഹോവേക്ക് ടീമിനെ ഉയർത്തിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുന്നൂറു മില്യൺ യൂറോ മുടക്കിയാണ് ന്യൂകാസിൽ യുണൈറ്റഡ് ക്ലബിന്റെ എൺപതു ശതമാനം ഓഹരികൾ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സ്വന്തമാക്കിയത്. അതിനു പിന്നാലെ മോശം പ്രകടനം നടത്തിയ ടീമിൽ നിന്നും പരിശീലകനായ സ്റ്റീവ് ബ്രൂസിനെ പുറത്താക്കി ഹോവെയെ നിയമിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോഴും വിജയം കണ്ടെത്താൻ കഴിയുന്നില്ല എന്നതിനാൽ ജനുവരിയിൽ വലിയ അഴിച്ചുപണി തന്നെ ടീമിനുള്ളിൽ ഉണ്ടായേക്കുമെന്നുറപ്പാണ്.

"ന്യൂകാസിൽ യുണൈറ്റഡ് ഇരുനൂറു മുതൽ മുന്നൂറു മില്യൺ യൂറോ വരെ ജനുവരിയിൽ ചിലവഴിച്ചേക്കും. ക്ലബിന്റെ ഉടമകൾ കളിക്കാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്. നമ്മൾ കണ്ടതിൽ ഏറ്റവും സമ്പന്നമായ ഉടമകളായ അവർ ജനുവരിയിൽ പണമെറിയും. നാലോ അഞ്ചോ താരങ്ങൾ വരുമെന്നാണ് ഞാൻ കരുതുന്നത്. ടീം വിജയം നേടി കാര്യങ്ങൾ ശരിയായ പാതയിൽ വന്നാൽ, അവർ കളിയാരംഭിക്കും."

"പ്രീമിയർ ലീഗിൽ പരിചയസമ്പത്തുള്ള എഡ്ഡീ ഹോവെക്ക് ടീമിലെ താരങ്ങളെ മെച്ചപ്പെടുത്താൻ കഴിയും. അദ്ദേഹം ഈ ജോലിക്ക് അനുയോജ്യനായ വ്യക്തിയാണെന്നാണ് ഞാൻ കരുതുന്നത്," ആമസോൺ പ്രൈമിനോട് സംസാരിക്കുമ്പോൾ മുൻ ചെൽസി, ലിവർപൂൾ, ഇംഗ്ലണ്ട് താരമായ ജോ കോൾ പറഞ്ഞു.

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുത്തതോടെ ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ലബായാണ് ന്യൂകാസിൽ യുണൈറ്റഡ് മാറിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഏതാനും വമ്പൻ താരങ്ങൾ ടീമിലെത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.


facebooktwitterreddit