പ്രീമിയർ ലീഗിലെത്തുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിച്ച് പോർച്ചുഗീസ് താരം ജോവോ ഫെലിക്സ്


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളിൽ പ്രതികരണം അറിയിച്ച് പോർച്ചുഗീസ് മുന്നേറ്റനിര താരം ജോവോ ഫെലിക്സ്. ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടരാനാണ് താൽപര്യമെന്നും മറ്റു ട്രാൻസ്ഫറുകളൊന്നും തന്നെ പരിഗണിക്കുന്നില്ലെന്നുമാണ് ഫെലിക്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
വിവിധ റിപ്പോർട്ടുകൾ പ്രകാരം പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം ഹോസ്പർ, ആഴ്സണൽ എന്നീ ക്ലബുകൾക്ക് ഇരുപത്തിരണ്ടു വയസുള്ള പോർച്ചുഗീസ് മുന്നേറ്റനിര താരത്തിൽ താൽപര്യമുണ്ട്. പരിക്കു മൂലം സീസൺ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും അതുവരേക്കും മികച്ച പ്രകടനം നടത്തിയിരുന്ന താരം പക്ഷെ സിമിയോണിയുടെ കീഴിൽ തന്നെ തുടരാനാണ് താൽപര്യപ്പെടുന്നത്.
"അത്ലറ്റികോ മാഡ്രിഡ് വിടുന്നത് പരിഗണനയിൽ തന്നെയില്ലാത്ത കാര്യമാണ്. ഞാൻ ഭാവിയെക്കുറിച്ച് വളരെ ശാന്തനാണ്, എന്താണ് എനിക്കു ചെയ്യാൻ കഴിയുന്നതെന്നും നിശ്ചയമുണ്ട്, ഞാൻ നല്ല രീതിയിൽ തുടരുന്നു. ഒഴിവു ദിവസങ്ങളിലാണ് ഇപ്പോൾ ഉള്ളതെങ്കിലും പ്രീ സീസൺ ലക്ഷ്യമിട്ട് പരിശീലനം ആരംഭിച്ചിട്ടുണ്ട്, പക്ഷെ ഫുട്ബോളിനെ കുറിച്ച് ഞാനധികം ചിന്തിക്കുന്നില്ല." ഫെലിക്സ് പോർച്ചുഗലിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ അരങ്ങേറ്റ സീസണിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കക്കു വേണ്ടി 43 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ നേടിയ താരത്തെ അതിനു പിന്നാലെ 2019ലാണ് അത്ലറ്റികോ സ്വന്തമാക്കുന്നത്. അതുപോലൊരു പ്രകടനം സ്പെയിനിൽ നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും സിമിയോണിയുടെ ടീമിലെ സ്ഥിരം സാന്നിധ്യമായ താരത്തിന് ഇനിയും കഴിവു തെളിയിക്കാൻ അവസരമുണ്ടെന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.