Football in Malayalam

സാവിയെ ടീമിലെത്തിക്കാനുള്ള ചർച്ചകൾക്കായി ബാഴ്‌സലോണ സംഘം ദോഹയിലേക്ക്, പ്രതിനിധി സംഘത്തിൽ ലപോർട്ടയില്ല

Sreejith N
Al-Sadd Sports Club v Esperance Sportive de Tunis - FIFA Club World Cup Qatar 2019
Al-Sadd Sports Club v Esperance Sportive de Tunis - FIFA Club World Cup Qatar 2019 / Eurasia Sport Images/GettyImages
facebooktwitterreddit

പുറത്താക്കപ്പെട്ട റൊണാൾഡ്‌ കൂമാനു പകരക്കാരനായി സാവിയെ ടീമിലെത്തിക്കുന്നതിനു വേണ്ടി ബാഴ്‌സലോണയുടെ പ്രതിനിധി സംഘം ദോഹയിലേക്ക് തിരിക്കുന്നു. നിലവിൽ ഖത്തർ ക്ലബായ അൽ-സദ്ദിന്റെ പരിശീലകനായ സാവി അടുത്തു തന്നെ ബാഴ്‌സ പരിശീലകനായി ചുമതല ഏറ്റെടുക്കാനുള്ള സാധ്യതകൾ ഇതോടെ തുറന്നിട്ടുണ്ട്.

ഇന്നു ഖത്തർ ലീഗിലെ വമ്പൻ ക്ലബായ അൽ ദുഹൈലുമായി നടക്കുന്ന മത്സരം അൽ-സദ്ദ് പരിശീലകനെന്ന നിലയിൽ സാവിയുടെ അവസാനത്തെ മത്സരമായിരിക്കും എന്നാണു കരുതപ്പെടുന്നത്. അതിനു ശേഷം അൽ-സദ്ദിന്റെ അടുത്ത മത്സരം ഡിസംബർ അവസാനമാണ് എന്നിരിക്കെ സാവിക്ക് പകരക്കാരനെ കണ്ടെത്താൻ ഖത്തരി ക്ലബിന് ധാരാളം സമയവും ലഭിക്കും.

അതേസമയം ബാഴ്‌സലോണ പ്രസിഡന്റായ യോൻ ലപോർട്ട ദോഹയിലേക്ക് പോകുന്ന പ്രതിനിധി സംഘത്തിനൊപ്പം യാത്ര ചെയ്യുന്നില്ല. സാവിയുമായി ബന്ധപ്പെട്ടു ബാഴ്‌സലോണ നടത്തിയ നീക്കങ്ങളിൽ അൽ-സദ്ദ് നേരത്തെ തന്നെ അതൃപ്‌തി പ്രകടിപ്പിച്ച സാഹചര്യവും ഖത്തരി ക്ലബ് ലപോർട്ടയെ ദോഹയിലേക്ക് ചർച്ചക്കു വേണ്ടി ക്ഷണിച്ചതും കണക്കിലെടുത്ത് ലപോർട്ട പ്രതിനിധി സംഘത്തോടൊപ്പം പോകാതിരുന്നത് ഗുണകരമല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

അതേസമയം സാവി ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാഴ്‌സയിൽ തന്നെ എത്തുമെന്നാണ് കാറ്റലൻ ക്ലബിന്റെ ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. ക്ലബിനൊപ്പം കളിക്കാരനെന്ന നിലയിൽ ഐതിഹാസികമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സാവി ബാഴ്‌സ നിലവിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ സഹായിക്കുമെന്നും അവർ കരുതുന്നു.

കൂമാൻ ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ ബാഴ്‌സ ബി ടീം പരിശീലകനായിരുന്ന സെർജി ബാർയുവാനാണ് നിലവിൽ സീനിയർ ടീമിന്റെ ചുമതല നൽകിയിരിക്കുന്നത്. ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലുമായി രണ്ടു കളികളിൽ ടീമിനെ നയിച്ച അദ്ദേഹത്തിനു കീഴിൽ ഒരു ജയവും ഒരു സമനിലയുമാണ് ടീം നേടിയത്.


facebooktwitterreddit