ജനുവരിയിൽ ബാഴ്സലോണ മൂന്ന് താരങ്ങളെ ടീമിലെത്തിക്കും; സൂചനകൾ നൽകി ക്ലബ്ബ് പ്രസിഡന്റ് ജോവൻ ലപ്പോർട്ട

FC Barcelona Unveil New Signing Luuk de Jong
FC Barcelona Unveil New Signing Luuk de Jong / David Ramos/GettyImages
facebooktwitterreddit

റൊണാൾഡ് കൂമാന് പകരം ക്ലബ്ബ് ഇതിഹാസമായ സാവി ഹെർണാണ്ടസിനെ തങ്ങളുടെ പരിശീലകനായി കൊണ്ടു വരുന്നതിനുള്ള നീക്കങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എഫ് സി ബാഴ്സലോണ നടത്തിക്കൊണ്ടിരിക്കുന്നത്. അക്കാര്യത്തിൽ അവർ വിജയിക്കുകയും ചെയ്തു. ഇപ്പോളിതാ സാവിയെ പരിശീലകനായി കൊണ്ടു വന്ന ബാഴ്സലോണ പ്രസിഡന്റ് ജോവൻ ലപ്പോർട്ടയുടെ അടുത്ത ലക്ഷ്യം വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് സൈനിംഗുകൾ നടത്തുന്നതിനാണെന്ന് വ്യക്തമായിരിക്കുന്നു‌.

സെൽറ്റാ വിഗോക്കെതിരെ നടക്കാനിരിക്കുന്ന ലാലീഗ മത്സരത്തിന് മുന്നോടിയായി ഫാൻസ് ക്ലബ്ബുകൾക്കൊപ്പം പങ്കെടുത്ത ഡിന്നറിനിടെ ലപ്പോർട്ട തന്നെയാണ് ജനുവരിയിൽ ക്ലബ്ബ് മൂന്ന് സൈനിംഗുകൾ നടത്തുമെന്ന ഉറപ്പ് നൽകിയത്. സ്പാനിഷ് മാധ്യമമായ ടിവി3 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കറ്റാലൻ ക്ലബ്ബിന്റെ ആരാധകർക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്. എന്നാൽ മൂന്ന് താരങ്ങളെ വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കുമെന്ന് വ്യക്തമാക്കിയെങ്കിലും ഈ താരങ്ങൾ ആരൊക്കെയായിരിക്കുമെന്ന കാര്യത്തിൽ അദ്ദേഹം സൂചനകളൊന്നും പുറത്ത് വിട്ടിട്ടില്ല.

ഹൃദയസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കുന്ന സെർജിയോ അഗ്യൂറോക്ക് പകരക്കാരനെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ നോട്ടമിട്ടേക്കുമെന്ന് സൂചനകളുണ്ട്. വിംഗർമാരോട് അല്പം ഇഷ്ടക്കൂടുതലുള്ളയാളാണ് ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റിരിക്കുന്ന സാവി. അത് കൊ‌ണ്ടു തന്നെ ജനുവരിയിൽ ഒരു പുതിയ വിംഗറെ ബാഴ്സലോണ സൈൻ ചെയ്താലും അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ക്ലബ്ബിന്റെ വേതനപരിധി ഉയർന്നതായതിനാൽ പുതിയ സൈനിംഗുകൾ നടത്തണമെങ്കിൽ കുറച്ച് കളികാരെ ബാഴ്സലോണക്ക് വിൽക്കേണ്ടി വരും.

അതേ സമയം ഈ സീസണിൽ വളരെ മോശം ഫോമിലൂടെ കടന്നു പോകുന്ന ബാഴ്സലോണയുടെ തലവര സാവി പരിശീലക ചുമതലയേറ്റെടുക്കുന്നതോടെ മാറുമെന്നാണ് ആരാധകരുടെ വിശ്വാസം. ലാലീഗയിൽ ഇക്കുറി കളിച്ച 11 മത്സരങ്ങളിൽ 16 പോയിന്റ് മാത്രമുള്ള ബാഴ്സലോണ പോയിന്റ് പട്ടികയിൽ നിലവിൽ ഒൻപതാം സ്ഥാനത്താണുള്ളത്.

facebooktwitterreddit