ഹാലൻഡിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ സിവിസി കരാർ അംഗീകരിക്കുന്നു, ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാനെയുണ്ടാകും
By Sreejith N

എർലിങ് ഹാലൻഡിനെ സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി ഏറെ വിവാദങ്ങൾ ഉയർത്തിയ സിവിസി കരാർ ബാഴ്‌സലോണ അംഗീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മുന്നോട്ടു പോവുകയാണെന്നും ഉടൻ തന്നെ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടാകുമെന്നും സ്‌പാനിഷ് മാധ്യമമായ സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.
ടെലിവിഷൻ അവകാശങ്ങൾ ഉൾപ്പെടെ മത്സരവുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ് മേഖലകളും സ്പോൺസർ ചെയ്യുക എന്ന ലക്ഷ്യത്തോടെ ലീഗ് സൃഷ്‌ടിച്ച കമ്പനിയായ ലാ ലിഗ ഗ്രൂപ്പ് ഇന്റർനാഷണലുമായി ബാഴ്‌സലോണ ഇതോടെ സംയോജിക്കും. അടുത്ത അമ്പതു അമ്പതു വർഷം നൽകുന്ന മൂലധനത്തിന്റെ 8.2 ശതമാനം നിയന്ത്രിക്കുന്ന സിവിസി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് സംഭാവന ചെയ്‌ത മൂലധനം ഉപയോഗിച്ചാണ് ഈ കമ്പനി സ്ഥാപിച്ചത്.
എർലിങ് ഹാലൻഡിനെ സ്വന്തമാക്കാൻ ക്ലബ്ബിലേക്ക് ഫണ്ടുകൾ വരേണ്ടതു കൊണ്ടാണ് ബാഴ്‌സലോണ സിവിസി കരാറിന് സമ്മതം മൂളാൻ തയ്യാറായത്. നേരത്തെ ക്ലബിന്റെ സ്പോൺസറായി സ്പോട്ടിഫൈ എത്തുന്നതോടെ ഫണ്ട് വരുമെന്നാണ് പ്രതീക്ഷിച്ചത് എങ്കിലും ആ ഡീലിൽ സങ്കീർണതകൾ വന്നതോടെയാണ് ബാഴ്‌സ സിവിസി കരാർ അംഗീകരിക്കാൻ തയ്യാറായത്.
ബാഴ്‌സലോണയുടെ സിവിസി കരാറിൽ ടെലിവിഷൻ സംപ്രേഷണ അവകാശങ്ങൾ ഉൾപ്പെടുന്നില്ലെന്നും അവ ഗോൾഡ്‌മാൻ സാച്ചിൽ നിന്നുള്ള 595 ദശലക്ഷം ലോണിന്റെ ഭാഗമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫണ്ടിൽ നിന്നുമുള്ള വരുമാനം കടമായി കണക്കാക്കാതെ മൂലധനരൂപത്തിൽ ഇക്വിറ്റിയായാണ് കണക്കാപ്പെടുക. ഈ സംഭാവന തിരികെ നൽകണമെന്നതും യാഥാർഥ്യം തന്നെയാണ്.
ഈ ഡീൽ വഴി നിലവിലുള്ള സാലറി ലിമിറ്റിൽ വർദ്ധനവ് ഉണ്ടാകും എന്നതിനാൽ ഹാലൻഡിനെ പോലുള്ള താരങ്ങളെ എളുപ്പത്തിൽ സ്വന്തമാക്കാൻ ബാഴ്‌സലോണയ്ക്ക് കഴിയും. ബാഴ്‌സലോണയുടെ അടുത്ത ബഡ്‌ജറ്റ് 700 മില്യൺ യൂറോയായും സാലറി ലിമിറ്റ് 400 മില്യൺ യൂറോയായും ഉയരുമെന്നാണ് ഇതു സംബന്ധിച്ച് വിദഗ്‌ദർ പറയുന്നത്.
റയൽ മാഡ്രിഡും ബാഴ്‌സലോണയും മാത്രമാണ് സിവിസി കരാറിന് ഇതുവരെയും സമ്മതം മൂളാതിരുന്നത് എന്നതിനാൽ ഇതെത്രയും വേഗം പൂർത്തിയാക്കാനാണ് ലാ ലിഗ പ്രസിഡന്റ് ഒരുങ്ങുന്നത്. അതേസമയം മെസിയെ നിലനിർത്താൻ സിവിസി കരാർ കൊണ്ട് കഴിയുമായിരുന്നിട്ടും അതിനു മുതിരാതിരുന്ന ലപോർട്ട ഇപ്പോൾ അതിനു സമ്മതം മൂളിയതിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.