ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയുടെ മോശം പ്രകടനത്തിനു പിന്നാലെ ആരാധകർക്ക് ഉറപ്പു നൽകി ലപോർട്ട


ബയേൺ മ്യൂണിക്കുമായി ക്യാമ്പ് നൂവിൽ വെച്ചു നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്സലോണ ദയനീയ പ്രകടനം നടത്തി പരാജയപ്പെട്ടതിനു പിന്നാലെ ആരാധകർക്ക് സന്ദേശവുമായി ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട. ബാഴ്സലോണയുടെ മോശം പ്രകടനം തന്നെയും വേദനിപ്പിച്ചുവെന്നും നിലവിലെ സാഹചര്യങ്ങളെ മറികടക്കുമെന്നും ലപോർട്ട പറഞ്ഞു.
നിരവധി സൂപ്പർതാരങ്ങൾ സമ്മറിൽ ക്ലബ് വിട്ടതിനു പുറമെ പരിക്കിന്റെ പ്രശ്നങ്ങളും അലട്ടുന്ന ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സ്വന്തം മൈതാനത്തു വെച്ച് ബയേൺ മ്യൂണിക്കിനോട് പരാജയം വഴങ്ങിയത്. ജർമൻ ക്ലബിനെതിരെ ഒരു ഷോട്ട് പോലും ഗോളിലേക്ക് തൊടുക്കാൻ കഴിഞ്ഞില്ലെന്നത് ബാഴ്സലോണയുടെ നിലവിലെ മോശം അവസ്ഥയെ വരച്ചു കാണിക്കുന്നതാണ്.
Un missatge a tot el barcelonisme: confiança i suport a l’equip. No en tingueu cap dubte, ho solucionarem. Visca el Barça! pic.twitter.com/xwFur9ls7b
— Joan Laporta Estruch? (@JoanLaportaFCB) September 15, 2021
കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് ലപോർട്ട ആരാധകർക്ക് സന്ദേശമയച്ചത്. "ഹലോ കൂൾസ്, നിങ്ങളെപ്പോലെ തന്നെ വേദന എനിക്കുമുണ്ട്. നമ്മൾ നേരത്തെ പ്രതീക്ഷിച്ചിട്ടുള്ള കാര്യങ്ങളാണ് സംഭവിക്കുന്നത്. നിങ്ങൾ ക്ഷമയോട് കൂടി ടീമിനെ പിന്തുണക്കുന്നതു തുടരണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്."
"ടീമിനെ മുൻനിരയിൽ നിന്നു നയിക്കുന്നവരിലും നിങ്ങൾ ആത്മവിശ്വാസം പുലർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സമയവും വിശ്വാസവും ഞങ്ങൾക്കു വേണം, ഈ സാഹചര്യം മറികടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും എനിക്കില്ല." ലപോർട്ട വ്യക്തമാക്കി.
ലയണൽ മെസി, അന്റോയിൻ ഗ്രീസ്മൻ തുടങ്ങിയ പ്രധാന താരങ്ങൾ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിട്ടതാണ് ബാഴ്സയുടെ കളിക്കളത്തിലെ പ്രകടനം മോശമാവാൻ പ്രധാന കാരണമായത്. ഇതിനു പുറമെ അഗ്യൂറോ, ഫാറ്റി, ബ്രൈത്ത്വൈറ്റ് തുടങ്ങിയ താരങ്ങൾ പരിക്കിന്റെ പിടിയിലുമാണ്.