Football in Malayalam

കൂമാൻ പുറത്തേക്കു തന്നെ, ബാഴ്‌സലോണ പരിശീലകനാവാൻ ക്ലോപ്പുമായി ബന്ധപ്പെട്ട് ലപോർട്ട

Sreejith N
Manchester United v Liverpool - Premier League
Manchester United v Liverpool - Premier League / Pool/Getty Images
facebooktwitterreddit

കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണ പരിശീലകസ്ഥാനമേറ്റെടുത്ത കൂമാന് ടീമിന് പുതിയൊരു ഊർജ്ജം നൽകാൻ കഴിഞ്ഞുവെങ്കിലും കൈപ്പിടിയിലുണ്ടായിരുന്ന ലാ ലിഗ കിരീടം നഷ്‌ടമാക്കിയതോടെ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അവസാന ലീഗ് മത്സരങ്ങളിൽ കരുത്തു കുറഞ്ഞ ടീമുകൾക്കെതിരെ പോയിന്റ് തുലച്ചാണ് ബാഴ്‌സ കിരീടം നഷ്ടപ്പെടുത്തിയതെന്നതും ഈ സീസണിൽ വമ്പൻ ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടില്ലെന്നതുമാണ് കൂമാനു നേരെയുള്ള പ്രധാന വിമർശനങ്ങൾ.

കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ടീമിനെ പുതുക്കിപ്പണിയാനാണു തന്റെ പദ്ധതിയെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട വ്യക്തമാക്കുന്നു. ബാഴ്‌സലോണയിൽ ഒരു കാലഘട്ടം പൂർത്തിയായെന്നും ഇനി പ്രധാന തീരുമാനങ്ങൾ എടുക്കേണ്ട സമയമാണെന്നുമുള്ള ലപോർട്ടയുടെ വാക്കുകൾ പരിശീലകൻ കൂമാൻ ഉൾപ്പെടെ നിരവധി പേർ പുറത്തു പോകുമെന്നു തന്നെയാണ് വ്യക്തമാക്കുന്നത്.

കൂമാനു പകരക്കാരനായി ബാഴ്‌സലോണ പരിശീലകസ്ഥാനത്തേക്ക് ഇതുവരെ ഉയർന്നു കേട്ട പ്രധാന പേരുകളിലൊന്ന് സാവിയാണെങ്കിലും ലപോർട്ടയുടെ താൽപര്യം വേറെയാണെന്നാണ് നിലവിൽ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സ്‌പാനിഷ്‌ മാധ്യമമായ എൽ ചിരിങ്കുറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ പരിശീലകനായ യർഗൻ ക്ലോപ്പിനെ അടുത്ത സീസണിൽ ബാഴ്‌സയിലേക്കെത്തിക്കാനാണ് ലപോർട്ടയുടെ ആഗ്രഹം.

അഴിച്ചുപണി നടത്തി പുതിയൊരു ടീമായി ബാഴ്‌സലോണ മാറുമ്പോൾ അവരെ നയിക്കാൻ അനുയോജ്യൻ ക്ലോപ്പാണെന്നാണ് ലപോർട്ട കരുതുന്നത്. ജർമൻ പരിശീലകനെ വളരെ ഇഷ്ടമുള്ള ലപോർട്ട അദ്ദേഹവുമായി ടീമിനെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ നിലവിൽ ലിവർപൂളുമായി കരാർ നിലനിൽക്കുന്നതിനാൽ അക്കാര്യം പരിഗണിക്കുന്നില്ലെന്നാണ് ക്ലോപ്പ് മറുപടി നൽകിയത്.

അതേസമയം ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ക്ലോപ്പ് ബാഴ്‌സയിലെത്താനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല. സ്‌കോട്ടിഷ് ക്ലബായ റേഞ്ചേഴ്‌സ് ഒരു മത്സരം പോലും തോൽക്കാതെ ഇത്തവണ ലീഗ് കിരീടം സ്വന്തമാക്കിയതു കണക്കിലെടുത്ത് ജെറാർഡിനെ ലിവർപൂൾ ടീമിലെത്തിക്കാൻ താൽപര്യപ്പെട്ടാൽ ക്ലോപ്പ് ബാഴ്‌സയിൽ എത്തുന്നതിനും അതു വഴി തുറന്നേക്കാം.

facebooktwitterreddit