Football in Malayalam

മെസ്സിയുടെയും ഇനിയെസ്റ്റയുടെയും തിരിച്ചുവരവ് തള്ളിക്കളയുന്നില്ലെന്ന് ജൊവാൻ ലപോര്‍ട്ട

Haroon Rasheed
Joan Laporta did not rule out a Barcelona return for Lionel Messi
Joan Laporta did not rule out a Barcelona return for Lionel Messi / David Ramos/GettyImages
facebooktwitterreddit

ക്യാമ്പ് നൗവിലേക്കുള്ള ലയണല്‍ മെസ്സിയുടെയും ആന്ദ്രെ ഇനിയസ്റ്റയുടെയും തിരിച്ചുവരവ് തള്ളിക്കളയാതെ ബാഴ്‌സലോണ പ്രസിഡന്റ് ജൊവാൻ ലപോര്‍ട്ട. ബ്രസീലിയന്‍ താരം ഡാനി ആല്‍വസിനെ ബാഴ്‌സ താരമായി ക്യാമ്പ് നൗവിൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു ലപോര്‍ട്ട ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു ആരാധകർക്ക് മുന്നില്‍ ആല്‍വസിനെ ബാഴ്‌സലോണ വീണ്ടും അവതരിപ്പിച്ചത്.

ബാഴ്‌സലോണ ഇതിഹാസങ്ങളായ ഇനിയസ്റ്റയുടെയോ മെസ്സിയുടെയോ അല്ലെങ്കില്‍ രണ്ടു പേരുടെയും ക്ലബിലേക്കുള്ള തിരിച്ചുവരവ് തള്ളക്കളയാനാകില്ലെന്നാണ് ആൽവസിനെ അവതരിപ്പിക്കുന്നതിനിടെ ലപോർട്ട വ്യക്തമാക്കിയത്.

"ഞാന്‍ അത് തള്ളിക്കളയുന്നില്ല," മെസ്സിയുടെയും ഇനിയെസ്റ്റയുടെയും തിരിച്ചുവരവിനെ കുറിച്ച് ലെപോര്‍ട്ട പറഞ്ഞതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്‌തു. "ഡാനിയുടെ കാര്യത്തിൽ അത് സംഭവിച്ചു. ക്ലബ്ബിന്റെ അവസ്ഥ കണ്ട് സഹായിക്കാൻ വരാൻ ആഗ്രഹിച്ച അദ്ദേഹത്തോട് (ആൽവസിനോട്) നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു," ലപോർട്ട കൂട്ടിച്ചേർത്തു.

"ഈ ക്ലബ്ബിനെ മികച്ചതാക്കിയ ആളുകളാണ് ഇവർ. മെസ്സിയും ഇനിയെസ്റ്റയും അതിഗംഭീരരാണ്. അവരെല്ലാം കളിച്ചു കൊണ്ടിരിക്കുന്നതിനാൽ എനിക്ക് ഭാവി പ്രവചിക്കാൻ കഴിയില്ല, പക്ഷെ അവർ ക്ലബ്ബിനെ മികച്ചതാക്കി. അവരെ ഞങ്ങളുടെ മനസിൽ എല്ലായ്‌പോഴും സൂക്ഷിക്കും. അവർക്ക് ഇപ്പോൾ മറ്റു ക്ലബുകളുമായി കോൺട്രാക്ട് ഉണ്ട്, അത് നമ്മൾ ബഹുമാനിക്കണം. പക്ഷെ, ജീവിതത്തിൽ എന്താണ് സംഭവിക്കുക എന്ന് നമുക്ക് അറിയില്ല."


facebooktwitterreddit